ഒന്റാറിയോ: കാനഡയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിക്കുന്ന അതിശക്തമായ ശീതക്കാറ്റിലും ഐസ് മഴയിലും ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. ഒന്റാറിയോ മുതൽ ന്യൂഫൗണ്ട്‌ലാൻഡ് വരെയുള്ള പ്രവിശ്യകളിൽ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ചയെയും ഐസ് മഴയെയും തുടർന്ന് ഏകദേശം 45,000-ത്തോളം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മോൺട്രിയലിൽ മാത്രം പെയ്യുന്ന ഐസ് മഴ 70 വർഷത്തെ റെക്കോർഡ് ഭേദിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കണക്കാക്കുന്നത്. പലയിടങ്ങളിലും 20 മുതൽ 40 മില്ലിമീറ്റർ വരെ ഐസ് മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ സ്ഥിതി അതീവ ഗുരുതരമാണ്.
മോശം കാലാവസ്ഥയെത്തുടർന്ന് കാനഡയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗതാഗത തടസ്സമുണ്ടായി. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മോൺട്രിയൽ-ട്രൂഡോയിൽ ബുധനാഴ്ച നിശ്ചയിച്ചിരുന്ന വിമാനങ്ങളിൽ മൂന്നിലൊന്നും റദ്ദാക്കി. ഒട്ടാവ, ക്യുബെക് സിറ്റി എന്നിവിടങ്ങളിലും സമാനമായ രീതിയിൽ വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. റോഡുകളിൽ ഐസ് പാളികൾ നിറഞ്ഞതും മരങ്ങൾ കടപുഴകി വീണതും വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചു. നിലം ഐസ് മൂടി ഉറച്ചുപോയതിനാൽ മഴവെള്ളം മണ്ണിലേക്ക് ആഗിരണം ചെയ്യപ്പെടാത്തത് പലയിടങ്ങളിലും വെള്ളക്കെട്ടിനും പ്രളയസമാനമായ സാഹചര്യത്തിനും കാരണമാകുന്നുണ്ട്.
ശക്തമായ കാറ്റിലും മഴയിലും ഒന്റാറിയോയിൽ മാത്രം മുപ്പത്തിമൂവായിരത്തിലധികം വീടുകൾ ഇരുട്ടിലായി. ക്യുബെക് മേഖലയിലും പതിനായിരത്തോളം ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലുള്ള കാറ്റും കനത്ത മഞ്ഞുവീഴ്ചയും തുടരുകയാണ്. വരും മണിക്കൂറുകളിൽ ന്യൂ ബ്രൺസ്‌വിക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവിടങ്ങളിലും സ്ഥിതി വഷളാകാൻ സാധ്യതയുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Dozens of flights cancelled, nearly 45,000 without power as Canadians brace for freezing rain



