ടംബ്ലർ റിഡ്ജ്: ടംബ്ലർ റിഡ്ജിൽ നടന്ന ദാരുണമായ സ്കൂൾ വെടിവെപ്പുമായി ബന്ധപ്പെട്ട് നിർമ്മിത ബുദ്ധി ഗവേഷണ സ്ഥാപനമായ ഓപ്പൺ എഐ (OpenAI) നിയമക്കുരുക്കിൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത്രണ്ടുകാരി മായ ഗെബാലയുടെ കുടുംബമാണ് ചാറ്റ് ജിപിടിയുടെ നിർമ്മാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. പ്രതി ആക്രമണത്തിന് പദ്ധതിയിടുന്ന വിവരം ചാറ്റ് ബോട്ടിന് നേരത്തെ അറിയാമായിരുന്നുവെന്നും എന്നാൽ അധികൃതരെ വിവരം അറിയിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടെന്നുമാണ് പ്രധാന ആരോപണം.
ഫെബ്രുവരി പത്തിന് നടന്ന ആക്രമണത്തിൽ അഞ്ച് കുട്ടികളടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജെസ്സെ വാൻ റൂട്ട്സലാർ തന്റെ അക്രമാസക്തമായ ചിന്തകളും പദ്ധതികളും മാസങ്ങൾക്ക് മുമ്പ് തന്നെ ചാറ്റ് ജിപിടിയുമായി പങ്കുവെച്ചിരുന്നതായി പറയപ്പെടുന്നു. 2025 ജൂണിൽ തന്നെ സംഭാഷണങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് ഇയാളുടെ അക്കൗണ്ട് ഓപ്പൺ എഐ നിരോധിച്ചിരുന്നു. എന്നാൽ ഇയാൾ ഒരു കൂട്ടക്കൊലയ്ക്ക് പദ്ധതിയിടുന്നു എന്ന സൂചന ലഭിച്ചിട്ടും കനേഡിയൻ പൊലീസിനെ വിവരം അറിയിക്കാൻ കമ്പനി തയ്യാറായില്ലെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
പ്രതി ചാറ്റ് ജിപിടിയെ ഒരു ആത്മമിത്രമായിട്ടാണ് കണ്ടിരുന്നതെന്നും തോക്കുകൾ ഉപയോഗിച്ചുള്ള വിവിധ ആക്രമണ രീതികളെക്കുറിച്ച് ബോട്ടുമായി ചർച്ച ചെയ്തിരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കമ്പനിയിലെ തന്നെ പന്ത്രണ്ടോളം ജീവനക്കാർ ഈ ചാറ്റുകൾ അപകടസാധ്യതയുള്ളതാണെന്ന് റിപ്പോർട്ട് ചെയ്തിട്ടും അധികൃതരെ അറിയിക്കേണ്ടതില്ലെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചതെന്നാണ് ആരോപണം. ഈ അനാസ്ഥ കാരണമാണ് മായയ്ക്ക് വെടിയേൽക്കാനും മാരകമായ മസ്തിഷ്ക ആഘാതം സംഭവിക്കാനും ഇടയായതെന്ന് മായയുടെ മാതാവ് സിയ എഡ്മണ്ട്സ് ആരോപിക്കുന്നു.
സംഭവം അതീവ ദുഃഖകരമാണെന്ന് പ്രതികരിച്ച ഓപ്പൺ എഐ, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ നിയമസംവിധാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് അറിയിച്ചു. നിലവിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായും ഇത്തരം സാഹചര്യങ്ങളിൽ പൊലീസിനെ അറിയിക്കുന്നതിനുള്ള നടപടികൾ കർശനമാക്കിയതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രായപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കമ്പനി വരുത്തിയ വീഴ്ചകൾ ഗൗരവകരമാണെന്ന നിലപാടിലാണ് കനേഡിയൻ ഭരണകൂടം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Family of child injured in Canada school shooting sues OpenAI



