ഒട്ടാവ: വിമാനയാത്രക്കാർക്ക് അർഹമായ സേവനങ്ങളും സൗകര്യങ്ങളും നൽകുന്നതിൽ വീഴ്ച വരുത്തിയ പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റിന് കനത്ത പിഴ. കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസിയാണ് 70,000 ഡോളർ (ഏകദേശം 58 ലക്ഷത്തിലധികം രൂപ) പിഴ ചുമത്തിയത്. വിമാനം വൈകുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിൽ യാത്രക്കാർക്ക് മതിയായ ഭക്ഷണവും താമസസൗകര്യവും നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് അതോറിറ്റി കണ്ടെത്തി.
2025 ഫെബ്രുവരി 16-ന് കാൽഗറിയിൽ നിന്ന് നാനൈമോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന WS3103 വിമാനത്തിലെ യാത്രക്കാർക്കാണ് ദുരനുഭവമുണ്ടായത്. വിമാനം വൈകിയതിനെ തുടർന്ന് മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും നൽകിയില്ലെന്ന് കണ്ടെത്തി. ഇതിൽ 16 നിയമലംഘനങ്ങളാണ് അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. വിമാനം ഒടുവിൽ റദ്ദാക്കിയപ്പോൾ യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കുന്നതിലും കമ്പനി ഗുരുതര വീഴ്ച വരുത്തി. താമസസൗകര്യവുമായി ബന്ധപ്പെട്ട 19 നിയമലംഘനങ്ങളും ഇതോടൊപ്പം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, വെസ്റ്റ് ജെറ്റിനെതിരെയുള്ള പിഴ തുക തുച്ഛമാണെന്ന വിമർശനവുമായി ‘എയർ പാസഞ്ചർ റൈറ്റ്സ്’ എന്ന സംഘടന രംഗത്തെത്തി. വിമാനക്കമ്പനികൾ നടത്തുന്ന ഗുരുതരമായ വീഴ്ചകൾക്ക് ഈ നടപടി പര്യാപ്തമല്ലെന്ന് സംഘടനയുടെ പ്രസിഡന്റ് ഗാബോർ ലൂക്കാസ് പറഞ്ഞു. മെക്സിക്കോയിലെ ആഭ്യന്തര കലാപത്തെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയപ്പോൾ നൂറുകണക്കിന് കനേഡിയൻ യാത്രക്കാർ അവിടെ കുടുങ്ങിക്കിടന്നിരുന്നു. ഇത്തരം വലിയ വീഴ്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ ചെറിയ പിഴകൾ ഈടാക്കി അതോറിറ്റി തടിതപ്പുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിലവിലെ നിയമങ്ങൾ ഫലപ്രദമല്ലെന്നാണ് ലൂക്കാസിന്റെ വാദം. ഗതാഗത മേഖലയിലെ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ പാർലമെന്റ് അംഗങ്ങൾ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമാനക്കമ്പനികൾ നൽകുന്ന സേവനങ്ങളിൽ മാറ്റം വരണമെങ്കിൽ യാത്രക്കാർ സംഘടിക്കണമെന്നും സാധ്യമാകുന്നിടത്തെല്ലാം കനേഡിയൻ വിമാനക്കമ്പനികളെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഭവത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് വെസ്റ്റ് ജെറ്റ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
calgary-based-westjet-fined-70k-by-canadian-transportation-agency
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



