കാനഡയിലെ വിവിധ പ്രവിശ്യകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസകരമായ വാർത്ത. 2026 ഏപ്രിൽ ഒന്ന് മുതൽ അഞ്ച് പ്രവിശ്യകളിലും ടെറിട്ടറികളിലും മിനിമം വേതനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. നോവ സ്‌കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ, ന്യൂ ബ്രൺസ്‌വിക്ക്, യൂക്കോൺ എന്നിവിടങ്ങളിലാണ് ഏപ്രിൽ മുതൽ പുതുക്കിയ മിനിമം വേതനം പ്രാബല്യത്തിൽ വരുന്നത്. ഇതോടൊപ്പം ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ശമ്പള വർദ്ധനവ് ലഭിക്കും.
നോവ സ്‌കോഷ്യയിൽ നിലവിലെ 16.50 ഡോളറിൽ നിന്ന് 16.75 ഡോളറായി വർദ്ധിക്കും. ഒക്ടോബറിൽ ഇത് 17 ഡോളറിലെത്തും.പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഏപ്രിൽ ഒന്ന് മുതൽ മണിക്കൂറിന് 17 ഡോളറായിരിക്കും മിനിമം വേതനം.ന്യൂ ബ്രൺസ്‌വിക്കിൽ വേതനം 15.65 ഡോളറിൽ നിന്ന് 15.90 ഡോളറായി ഉയരും.ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിൽ മണിക്കൂറിന് 16.35 ഡോളറായി ശമ്പളം വർദ്ധിപ്പിക്കും.യൂക്കോണിൽ കാനഡയിലെ തന്നെ ഉയർന്ന നിരക്കുകളിലൊന്നായ 18.51 ഡോളറിലേക്ക് ഇവിടുത്തെ വേതനം ഉയരും.
ഫെഡറൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ ഒന്ന് മുതൽ മണിക്കൂറിന് ഏകദേശം 18.10 ഡോളർ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക് എന്നീ പ്രവിശ്യകളിൽ 2026-ൽ തന്നെ പിന്നീട് വേതന വർദ്ധനവ് ഉണ്ടാകും. ബ്രിട്ടീഷ് കൊളംബിയയിൽ ജൂൺ ഒന്നിന് മിനിമം വേതനം 18.25 ഡോളറായും, ക്യൂബെക്കിൽ മെയ് ഒന്നിന് 16.60 ഡോളറായും വർദ്ധിക്കും. ഒന്റാറിയോയിൽ ഒക്ടോബർ ഒന്നിന് വേതനം 18 ഡോളറിൽ എത്തുമെന്നാണ് കണക്കാക്കുന്നത്.
ജീവിതച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ആശ്വാസം നൽകാനാണ് ഈ നടപടിയെങ്കിലും, യഥാർത്ഥ ജീവിതച്ചെലവും മിനിമം വേതനവും തമ്മിൽ ഇപ്പോഴും വലിയ വ്യത്യാസമുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് വാൻകൂവർ, ടൊറന്റോ തുടങ്ങിയ നഗരങ്ങളിൽ മാന്യമായി ജീവിക്കാൻ മണിക്കൂറിന് 27 ഡോളറിലധികം വേതനം ആവശ്യമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എങ്കിലും പണപ്പെരുപ്പത്തിനനുസരിച്ച് മിനിമം വേതനത്തിൽ വരുത്തുന്ന ഈ മാറ്റങ്ങൾ സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയ സഹായമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New Minimum Wage In 5 Canadian Provinces Effective April 1



