കുവൈറ്റ്: കുവൈറ്റ് സിറ്റിക്ക് വടക്കുപറഞ്ഞാറൻ മേഖലയിൽ നടന്ന സൈനിക നീക്കങ്ങൾക്കിടെ കുവൈറ്റിന്റെ വ്യോമ പ്രതിരോധ സംവിധാനം അബദ്ധത്തിൽ അമേരിക്കയുടെ മൂന്ന് എഫ്-15 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനും യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള സംഘർഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ്, ശത്രുവിമാനങ്ങളാണെന്ന് തെറ്റിദ്ധരിച്ച് കുവൈറ്റ് ഈ നടപടി സ്വീകരിച്ചത്. തകർന്ന വിമാനങ്ങളിലുണ്ടായിരുന്ന ആറ് പൈലറ്റുമാരും സുരക്ഷിതമായി പുറത്തുകടന്നതായും ഇവരെ പിന്നീട് രക്ഷപ്പെടുത്തിയതായും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഇറാൻ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഈ യുദ്ധവിമാനങ്ങൾ. ആ സമയത്ത് കുവൈറ്റ് അതിർത്തിയിലേക്ക് നടന്ന ആക്രമണങ്ങളെ ചെറുക്കുന്നതിനിടയിലാണ് അമേരിക്കൻ വിമാനങ്ങളെ കുവൈറ്റ് സേന അബദ്ധത്തിൽ ലക്ഷ്യം വെച്ചത്. അൽ ജഹ്‌റ മേഖലയിൽ യുദ്ധവിമാനം തീപിടിച്ച് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തിൽ കുവൈറ്റ് സർക്കാർ ഖേദം പ്രകടിപ്പിക്കുകയും യുഎസ് അധികൃതരുമായി ചേർന്ന് സംയുക്ത അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സഖ്യകക്ഷികൾ തമ്മിലുള്ള ഏകോപനത്തിലുണ്ടായ വലിയ വീഴ്ചയായാണ് ഈ സംഭവത്തെ സൈനിക വിദഗ്ധർ വിലയിരുത്തുന്നത്. കുവൈറ്റ് സിറ്റിയിലെ യുഎസ് എംബസിക്ക് സമീപം പുക ഉയർന്നതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അവിടെ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Kuwait shoots down US warplanes; CENTCOM confirms it was an accident



