വാഷിംഗ്ടൺ: ഇറാൻ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി ഇറാനിൽ സൈനിക നടപടി ആരംഭിച്ച ശേഷം ആദ്യമായാണ് തങ്ങളുടെ സൈനികർ കൊല്ലപ്പെട്ട വിവരം അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, അമേരിക്കൻ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തള്ളി. നാല് ബാലിസ്റ്റിക് മിസൈലുകൾ പടക്കപ്പലിൽ പതിച്ചുവെന്നായിരുന്നു ഇറാന്റെ വാദം. എന്നാൽ ഇറാന്റെ മിസൈലുകൾ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും കപ്പലും അതിലെ ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്നും അമേരിക്ക അറിയിച്ചു. സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന മറ്റ് ആക്രമണങ്ങളിലാണ് നാശനഷ്ടങ്ങൾ ഉണ്ടായതെന്ന് യുഎസ് കേന്ദ്രങ്ങൾ വിശദീകരിച്ചു.
തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് തിരിച്ചടിയായാണ് ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ എന്ന പേരിൽ ഇറാൻ ആക്രമണം നടത്തിയത്. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങളാണ് പടക്കപ്പൽ തകർത്തെന്ന വാർത്ത ആദ്യം പുറത്തുവിട്ടത്. പശ്ചിമേഷ്യയിലെ അമേരിക്കൻ സാന്നിധ്യത്തിനെതിരെയുള്ള ശക്തമായ താക്കീതാണിതെന്ന് ഇറാൻ അവകാശപ്പെടുമ്പോഴും, പടക്കപ്പൽ സുരക്ഷിതമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അമേരിക്ക.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
US admits deaths of soldiers; denies Iran's claim of attacking warship



