ജെറൂസലേം/ടെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസ്താവനയെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി പുകയുന്നു. ഖമേനി കൊല്ലപ്പെട്ടതായി സൂചനകളുണ്ടെന്നും അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെടുത്തതായും ഇസ്രയേൽ സൈനിക വൃത്തങ്ങൾ അവകാശപ്പെട്ടു. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഖമേനി പൂർണ്ണ ആരോഗ്യവാനായി സുരക്ഷിത കേന്ദ്രത്തിലുണ്ടെന്നും ഇറാൻ ഔദ്യോഗികമായി അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. വാർത്താസമ്മേളനത്തിലാണ് നെതന്യാഹു ഖമനയിയുടെ മരണത്തെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. ‘ഇറാനിലെ ഏകാധിപതി കൊല്ലപ്പെട്ടുവെന്ന് കരുതുന്നു, അതിൻ്റെ വ്യക്തമായ ലക്ഷണങ്ങൾ പുറത്തുവരുന്നുണ്ട്’ എന്നായിരുന്നു നെതന്യാഹുവിൻ്റെ വാക്കുകൾ. ഇതിന് പിന്നാലെ ഇസ്രയേൽ പ്രതിരോധ സേനയിലെ ഉന്നത ഉദ്യോഗസ്ഥരും ഖമേനയി കൊല്ലപ്പെട്ടെന്ന വാദവുമായി രംഗത്തെത്തി. എന്നാൽ തങ്ങളുടെ അവകാശവാദങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും ഇസ്രയേലോ സൈന്യമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇസ്രയേലിൻ്റെ വാദങ്ങളെ തള്ളിക്കൊണ്ട് ഖമനയിയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ വൈകാതെ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ആയുധങ്ങൾ കൊണ്ട് നേരിടാൻ കഴിയാതെ വന്നതോടെ ഇറാൻ ജനതയെ മാനസികമായി തകർക്കാനുള്ള ശത്രുവിൻ്റെ നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഖമനയി ജീവനോടെയുണ്ടെന്നും ഇത്തരം വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഖമേനയിയുടെ ഓഫീസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ആക്രമണം മുൻകൂട്ടി കണ്ട് അദ്ദേഹം ടെഹ്റാന് പുറത്തുള്ള അതീവ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയിരുന്നതായാണ് സൂചന.
നേരത്തെ ഖമേനയിയെ വധിക്കാനുള്ള ഇസ്രയേലിൻ്റെ നീക്കം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് തടഞ്ഞിരുന്നതായി ഇസ്രയേൽ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ ഖമനയിയെ ലക്ഷ്യം വെച്ചുള്ള നീക്കത്തിൽ നിന്ന് ഇസ്രയേൽ പിന്നോട്ട് പോയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ സ്ഥിതിഗതികളിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പശ്ചിമേഷ്യയിലെ കരുത്തുറ്റ നേതാക്കളിലൊരാളായ ഖമേനയിയുടെ ജീവനെച്ചൊല്ലിയുള്ള തർക്കം മേഖലയിൽ പുതിയ യുദ്ധമുഖം തുറക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
iran-supreme-leader-khamenei-is-dead-says-netanyahu-israel
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



