മനാമ: ഇറാൻ-ഇസ്രയേൽ യുദ്ധം ഗൾഫ് മേഖലയിലേക്ക് വ്യാപിക്കുന്നതിനിടെ ബഹ്‌റൈനിലെ അമേരിക്കൻ നാവികസേനാ ആസ്ഥാനത്തിന് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച ആക്രമണം എട്ടു മണിക്കൂറിലേറെ നീണ്ടുനിന്നതായാണ് റിപ്പോർട്ടുകൾ. ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് നേവൽ ഫോഴ്‌സ് സെൻട്രൽ കമാൻഡിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. സ്ഫോടനശബ്ദങ്ങളും അപായ സൂചന നൽകുന്ന സൈറണുകളും മുഴങ്ങിയതോടെ തലസ്ഥാനമായ മനാമ ഭീതിയിലായി. സൈനിക താവളത്തിന് ഉള്ളിൽ നിന്ന് പുകപടലങ്ങൾ ഉയരുന്നതായും തീ അണയ്ക്കാനായി അടിയന്തര സുരക്ഷാ വിഭാഗം രംഗത്തിറങ്ങിയതായും ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു.
സൈനിക കേന്ദ്രങ്ങൾക്ക് പുറമെ മനാമയിലെ ജനവാസ മേഖലകളിലും മിസൈൽ അവശിഷ്ടങ്ങളും ഡ്രോണുകളും പതിച്ചിട്ടുണ്ട്. ഹൂറ (Hoora) മേഖലയിലെ ഒരു ബഹുനില അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ മുകൾ നിലകളിൽ ഡ്രോൺ ഇടിച്ചുകയറി വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. നിലവിൽ അമേരിക്കൻ സൈനികർക്ക് ആർക്കും ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടുകളില്ലെങ്കിലും ജനവാസ മേഖലകളിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമായിട്ടില്ല. തങ്ങളുടെ റെവല്യൂഷണറി ഗാർഡ്സ് ആണ് ആക്രമണം നടത്തിയതെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബഹ്‌റൈനിലെ യുഎസ് ഡിഫൻസ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും പഠനം ഓൺലൈൻ രീതിയിലേക്ക് മാറ്റുകയും ചെയ്തു. മേഖലയിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം നിർദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Iran's missile attack on US military base in Bahrain;



