റിയാദ്: യുഎഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ജോർദാൻ എന്നീ അഞ്ച് അയൽരാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ ഇറാൻ നടത്തിയ കടന്നുകയറ്റത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇറാൻ നടത്തിയതെന്നും ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. ആക്രമണം നേരിട്ട രാജ്യങ്ങൾക്ക് സൗദി പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും മേഖലയുടെ സുരക്ഷക്കായി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായും വ്യക്തമാക്കി.
മേഖലയിലെ സമാധാനവും സുസ്ഥിരതയും തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് സൗദി അറിയിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും, അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിന്ന് ഇറാന്റെ നിയമലംഘനങ്ങളെ അപലപിക്കണമെന്നും കർശന നടപടികൾ സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. അയൽരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനും ഒപ്പമുണ്ടാകുമെന്ന ഉറച്ച നിലപാടാണ് സൗദി ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് റിയാദിലെ ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഫെബ്രുവരി 28-ന് പുറത്തിറക്കിയ പ്രത്യേക അഡ്വൈസറി പ്രകാരം, പ്രവാസികൾ പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളും (00-966-11-4884697) വാട്സ്ആപ്പ് നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്. ഔദ്യോഗിക ചാനലുകൾ വഴി വരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും എംബസി നിർദ്ദേശിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Saudi Arabia strongly condemns Iran's action for violating the sovereignty of five Arab countries



