കുവൈത്ത്: അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വിമാന സർവീസുകൾ നിർത്തിവെച്ചുകൊണ്ടുള്ള അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. മേഖലയിൽ ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വക്താവ് അബ്ദുള്ള രഹജി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച അപായ സൈറണുകൾ മുഴങ്ങിയത് ജനങ്ങൾക്കിടയിൽ ആശങ്ക പടർത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും, കൃത്യമായ ഇടവേളകളിൽ ഔദ്യോഗിക ചാനലുകൾ വഴി പുതിയ വിവരങ്ങൾ അറിയിക്കുമെന്നും ഭരണകൂടം അറിയിച്ചു.
അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടി ഗൾഫ് മേഖലയെയാകെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യുഎഇ തലസ്ഥാനമായ അബുദാബിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായി. ഇസ്രയേലിനും ബഹ്‌റൈനും പിന്നാലെ അയൽരാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളിലേക്കും സംഘർഷം വ്യാപിച്ചതോടെ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Middle East on the brink of war: Kuwait closes airspace; sirens sound across the country



