ഒട്ടാവ: ഒട്ടാവയിലെ പ്രമുഖ പ്രാദേശിക മദ്യനിർമ്മാണ ശാലയായ Kichesippi ബിയർ കമ്പനി അടുത്ത മാസം പ്രവർത്തനം അവസാനിപ്പിക്കുന്നു. റോബർട്ട്‌സൺ റോഡിലുള്ള ബ്രൂവറിയുടെ അവസാന പ്രവൃത്തിദിനം മാർച്ച് 6 വെള്ളിയാഴ്ചയായിരിക്കുമെന്ന് കമ്പനി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. 2010 മുതൽ പ്രവർത്തിച്ചുവരുന്ന കുടുംബ ബിസിനസ്സാണ് ഇതോടെ വിപണിയിൽ നിന്ന് പിന്മാറുന്നത്.
സ്ഥാപനം ദീർഘകാലമായി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഉടമ പോൾ മീക്ക് വ്യക്തമാക്കി. കൂടുതൽ ബിയർ ഉത്പാദിപ്പിക്കാൻ ആവശ്യമായ മൂലധനം ഇല്ലാത്തതും, ഉത്പാദനം കുറഞ്ഞതോടെ വരുമാനം നിലച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപനം നിലനിർത്താൻ വിവിധ മാർഗങ്ങൾ തേടിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് വിലയിരുത്തലിലാണ് പൂട്ടാൻ തീരുമാനിച്ചത്.
അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാനുകൾക്ക് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചേക്കാവുന്ന പുതിയ താരിഫ് ബിയർ കമ്പനികൾക്ക് വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഉത്പാദന ചെലവ് വർധിക്കുന്നത് കാനഡയിലെ ചെറുകിട ബ്രൂവറികളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് മേഖലയിലുള്ളവർ ആശങ്ക പ്രകടിപ്പിച്ചു.
2010 മുതൽ തങ്ങളെ പിന്തുണച്ച കമ്മ്യൂണിറ്റിയോടും ഉപഭോക്താക്കളോടും ജീവനക്കാരോടും കടപ്പാടുണ്ടെന്ന് ഉടമ പോൾ മീക്ക് അറിയിച്ചു. നിലവിൽ പരിമിതമായ അളവിൽ ബിയർ കാനുകൾ മാത്രമേ വിൽപനയ്ക്കുള്ളൂവെന്ന് കമ്പനി അറിയിച്ചു. എന്നാൽ പൂട്ടുന്നത് വരെയുള്ള ദിവസങ്ങളിൽ ബ്രൂവറിയുടെ ടാപ്പ്റൂം പ്രവർത്തിക്കുമെന്നും ഭക്ഷണ പാനീയങ്ങൾ ലഭ്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Economic crisis; Ottawa’s Kichesippi Beer Company to close; last day of business March 6



