‘EMPURAAN’ ലൂടെ മലയാള സിനിമാസംഗീതത്തിലേക്ക് ആ ഹൃദയസ്പർശിയായ ശബ്ദം വീണ്ടും എത്തുന്നു…
2006-ൽ അമൃത ടിവി സൂപ്പർസ്റ്റാർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ജോബ് കുര്യൻ മലയാളികളുടെ ശ്രദ്ധയിൽ പെട്ടത്. മത്സരം ജയിച്ചില്ലെങ്കിലും, ആഴമുള്ള ശബ്ദവും വേറിട്ട ആലാപന ശൈലിയും അദ്ദേഹത്തെ പ്രേക്ഷകഹൃദയങ്ങളിൽ ചേർത്തുവച്ചു.
റിയാലിറ്റി ഷോക്ക് ശേഷം ജോബ് സിനിമാഗാനങ്ങൾക്ക് പിറകെ പോവാതെ, സ്വതന്ത്ര സംഗീതത്തിലേക്ക് തിരിഞ്ഞു. അവിടെ ജോബ് ജോബിന്റെ ഒരു ലോകം തന്നെ സൃഷ്ടിച്ചു.
“പുലരുമോ”, “തുടക്കം മംഗല്യം-ബാംഗ്ലൂർ ഡേയ്‌സ് ”, “അരികെ” “മന്ദാരമേ – ഓം ശാന്തി ഓശാന”തുടങ്ങിയ ഗാനങ്ങൾ മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ആലാപന സൗന്ദര്യത്തിലൂടെ കാണികളുടെ മനസിനെസ്പർശിക്കാനുള്ള കഴിവ്, സംഗീതപ്രേമികൾക്ക് ഒരുപാട് പ്രിയപ്പെട്ടവനാവാൻ ജോബിനെ സഹായിച്ചു.
ഇപ്പോൾ ജോബ് വീണ്ടും വെള്ളിത്തിരയിൽ – അതും മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ‘എംപുരാൻ’, 2019-ലെ ബ്ളോക്ക്ബസ്റ്റർ Lucifer-ന്റെ രണ്ടാം ഭാഗം. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ ദീപക് ദേവ്. ഈ ചിത്രത്തിൽ ജോബ് കുര്യന് ഗാനം ആലപിക്കാൻ അവസരം ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സംഗീതയാത്രയിൽ ഒരു പ്രധാന അധ്യായമാണ്.
പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന എംപുരാൻ ചിത്രത്തിലൂടെ ജോബിന്റെ ശബ്ദം വീണ്ടും മലയാള സിനിമാഗാനരംഗത്ത് ഉയരങ്ങളിലെത്തും എന്നതിൽ സംശയമില്ല.
അപ്പൊ സൂപ്പർ സ്റ്റാറിലൂടെ നമ്മൾ കണ്ട ജോബ് കുര്യൻ ഇനി സംഗീത ലോകത്തെ സൂപ്പർ സ്റ്റാറവാൻ മലയാളികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് !



