ഒട്ടാവ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലോബ്ലോ (Loblaw Companies Ltd) വൻ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു. 2.4 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിലൂടെ രാജ്യത്തുടനീളം പുതിയ സ്റ്റോറുകൾ ആരംഭിക്കാനും നിലവിലുള്ളവ നവീകരിക്കാനുമാണ് കമ്പനിയുടെ തീരുമാനം. ലോബ്ലോ പ്രസിഡന്റും സിഇഒയുമായ പെർ ബാങ്ക് ആണ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്. 2026-ൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്നതിനൊപ്പം ഒൻപതിനായിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഷോപ്പേഴ്സ് ഡ്രഗ് മാർട്ട്, നോ ഫ്രിൽസ് (No Frills) എന്നീ ബ്രാൻഡുകൾക്ക് കീഴിലായിരിക്കും പ്രധാനമായും വിപുലീകരണം നടക്കുക. ഈ വർഷം മാത്രം പുതുതായി 70 സ്റ്റോറുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 34 ഷോപ്പേഴ്സ് ഡ്രഗ് മാർട്ട്, ഫാർമപ്രിക്സ് ഫാർമസികൾ എന്നിവയും 31 നോ ഫ്രിൽസ്, മാക്സി സ്റ്റോറുകളും ഉൾപ്പെടുന്നു. കൂടാതെ ഇരുന്നൂറോളം സ്റ്റോറുകൾ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കാനും പദ്ധതിയുണ്ട്. ആരോഗ്യ പരിരക്ഷാ രംഗത്തും കുറഞ്ഞ വിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നീക്കമെന്ന് പെർ ബാങ്ക് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കി.
കമ്പനിയുടെ വിപുലീകരണ വാർത്തകൾക്കൊപ്പം പുറത്തുവിട്ട പുതിയ സ്റ്റോർ ഡിസൈനുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ കനേഡിയൻ ജനത വലയുമ്പോൾ, ആഡംബരപൂർണ്ണമായ ഡിസൈനുകളുമായി കമ്പനി വരുന്നത് പരിഹാസത്തോടെയാണ് പലരും കാണുന്നത്. നോ ഫ്രിൽസ് സ്റ്റോറുകൾക്ക് മുന്നിൽ ആഡംബര കാറായ പോർഷെ പാർക്ക് ചെയ്തിരിക്കുന്ന ഡിസൈൻ ചിത്രങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ സാധനങ്ങൾ നൽകുന്നതിന് പകരം കെട്ടിടങ്ങളുടെ മോടി കൂട്ടാനാണോ മുൻഗണന നൽകുന്നതെന്ന് ഉപഭോക്താക്കൾ ചോദിക്കുന്നു. വിലക്കയറ്റത്തിന്റെ പേരിൽ നേരത്തെയും ലോബ്ലോ ഗ്രൂപ്പിന് കാര്യമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഡിജിറ്റൽ പ്രൈസ് ടാഗുകളിൽ കൃത്യതയില്ലെന്ന പരാതികളും തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്പ്ലേകൾ വെച്ചതിന് സൂപ്പർസ്റ്റോറുകൾക്ക് പിഴ ചുമത്തിയതും സമീപകാലത്തെ വിവാദങ്ങളാണ്. നിക്ഷേപവും തൊഴിലവസരങ്ങളും ഗുണകരമാണെങ്കിലും, സ്റ്റോറുകളുടെ ലുക്ക് മാറുന്നതിനൊപ്പം തങ്ങളുടെ ബില്ലുകളിൽ കുറവുണ്ടാകുമോ എന്ന കാര്യത്തിലാണ് കനേഡിയൻ ഉപഭോക്താക്കൾക്ക് ഇപ്പോഴും ആശങ്ക.
no-frills-shoppers-drug-mart-new-stores-reax
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



