ജാലിസ്കോ : മെക്സിക്കോയിലെ ജാലിസ്കോ മേഖലയിൽ ക്രിമിനൽ സംഘത്തലവൻ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വ്യാപകമായ അക്രമസംഭവങ്ങളിൽ കാനഡയിലെ വിൻഡ്സറിൽ നിന്നുള്ള വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പ്യൂർട്ടോ വല്ലാർട്ട ഉൾപ്പെടെയുള്ള ഇടങ്ങളിൽ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീയിട്ടതായും ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷാ കാരണങ്ങളാൽ വിനോദസഞ്ചാരികളോട് ഹോട്ടൽ മുറികളിൽ തന്നെ തുടരാൻ പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഥിതിഗതികൾ പെട്ടെന്നാണ് വഷളായതെന്നും ഹോട്ടലിന് സമീപമുള്ള കെട്ടിടങ്ങളും കാറുകളും അഗ്നിക്കിരയാക്കിയതായി കണ്ടുവെന്നും വിൻഡ്സർ സ്വദേശിയായ ഐഡൻ റോബർട്ട്സൺ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ഹോട്ടലിന് പുറത്തേക്ക് പോകാൻ അനുമതിയില്ലെന്നും വിമാനങ്ങൾ പലതും റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 40 വർഷത്തിനിടെ ഇത്തരമൊരു സാഹചര്യം ഈ മേഖലയിൽ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ തങ്ങളെ അറിയിച്ചതായും റോബർട്ട്സൺ കൂട്ടിച്ചേർത്തു.
പ്യൂർട്ടോ വല്ലാർട്ടയ്ക്ക് സമീപമുള്ള ന്യൂവോ നയാരിറ്റിൽ കഴിയുന്ന മുൻ റേഡിയോ അവതാരക ലിയാ ഹാൻസെനും നിലവിലെ സാഹചര്യങ്ങൾ സ്ഥിരീകരിച്ചു. പ്രദേശത്ത് പൊതുഗതാഗത സംവിധാനങ്ങളും ടാക്സി സർവീസുകളും പൂർണ്ണമായും നിലച്ചതായും സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചതായും അവർ അറിയിച്ചു. കനേഡിയൻ കോൺസുലേറ്റിൽ നിന്നും പ്രാദേശിക ഭരണകൂടത്തിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും സുരക്ഷിതരാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, സംഘർഷങ്ങൾ ജാലിസ്കോ മേഖലയിൽ മാത്രമാണെന്നും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്നും ട്രാവൽ ഏജന്റ് അൽ വലന്റെ അറിയിച്ചു. കാനഡ സർക്കാർ പുറപ്പെടുവിക്കുന്ന യാത്രാ നിർദ്ദേശങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും മെക്സിക്കൻ സർക്കാർ വിനോദസഞ്ചാര മേഖലകൾക്ക് പ്രത്യേക സുരക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Windsor residents stranded in Mexico; Strict instructions not to leave!



