നൂക്ക് : ഗ്രീൻലാൻഡിലെ ജനങ്ങളെ ചികിത്സിക്കാൻ താൻ ഒരു ഹോസ്പിറ്റൽ ഷിപ്പ് അയക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി ഗ്രീൻലാൻഡ് ഭരണകൂടം. ഗ്രീൻലാൻഡിൽ നിരവധി ആളുകൾ ചികിത്സ കിട്ടാതെ വലയുകയാണെന്ന ട്രംപിന്റെ ആരോപണത്തിന് മറുപടിയുമായി പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ തന്നെ നേരിട്ട് രംഗത്തെത്തി. “ഇവിടെ എല്ലാവർക്കും സൗജന്യമായി ചികിത്സ ലഭിക്കുന്ന മികച്ച പൊതുജനാരോഗ്യ സംവിധാനമുണ്ട്. പണം നൽകി ഡോക്ടറെ കാണേണ്ടി വരുന്ന അമേരിക്കൻ രീതിയല്ല ഞങ്ങളുടേത്, അതിനാൽ കപ്പലിന്റെ ആവശ്യമില്ല” എന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പകരം നേരിട്ട് ചർച്ചകൾക്ക് തയ്യാറാകണമെന്നും അദ്ദേഹം ട്രംപിനെ ഓർമ്മിപ്പിച്ചു.
ട്രംപിന്റെ പ്രഖ്യാപനം പുറത്തുവരുമ്പോൾ അമേരിക്കൻ നാവികസേനയുടെ രണ്ട് കപ്പലുകളും അലബാമയിലെ കപ്പൽശാലയിൽ അറ്റകുറ്റപ്പണിയിലാണ്. അമേരിക്കൻ കപ്പൽ വരുന്നതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് ഡെന്മാർക്ക് പ്രതിരോധ മന്ത്രിയും വ്യക്തമാക്കി. തന്ത്രപ്രധാനമായ ഗ്രീൻലാൻഡ് പ്രദേശം അമേരിക്കയുടെ ഭാഗമാക്കാൻ ട്രംപ് നേരത്തെയും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. “മറ്റൊരു ദിവസം, മറ്റൊരു വിചിത്രമായ വാർത്ത” എന്നാണ് ഗ്രീൻലാൻഡിൽ നിന്നുള്ള ജനപ്രതിനിധികൾ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trump to send a hospital ship to Greenland



