ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. ലഭ്യമായ വാണിജ്യ വിമാനങ്ങൾ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ എത്രയും വേഗം ഇറാൻ വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള സൈനിക സംഘർഷ സാധ്യതയും ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളും കണക്കിലെടുത്താണ് ഈ മുൻകരുതൽ നടപടി. വിദ്യാർഥികൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ, ബിസിനസ്സുകാർ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യക്കാർക്കും ഈ നിർദേശം ബാധകമാണ്.
മേഖലയിൽ യുഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, ട്രംപ് ഭരണകൂടം ഗൾഫ് മേഖലയിലേക്ക് വൻതോതിൽ യുദ്ധവിമാനങ്ങളും യുദ്ധോപകരണങ്ങളും നീക്കിത്തുടങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് ഉൾപ്പെടെ പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഇന്ത്യക്കാരോട് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പാസ്‌പോർട്ട്, ഐഡി കാർഡ് തുടങ്ങിയ പ്രധാന യാത്രാ രേഖകൾ എപ്പോഴും കൈവശം വയ്ക്കാനും എംബസി നിർദേശിച്ചു.
ഇറാനിൽ കഴിയുന്നവർ എംബസിയുടെ ഔദ്യോഗിക പോർട്ടലിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ ശ്രദ്ധിക്കണമെന്നും എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും അറിയിപ്പിലുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+989128109115, +989128109109, +989128109102, +989932179359) ഇമെയിൽ വിലാസവും (cons.tehran@mea.gov.in) പുറത്തുവിട്ടിട്ടുണ്ട്.
ഇറാനിലെ സർവകലാശാലകൾ കേന്ദ്രീകരിച്ച് ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായതും ജനീവയിൽ നടക്കാനിരിക്കുന്ന ആണവ ചർച്ചകൾക്ക് മുന്നോടിയായി അമേരിക്ക സമ്മർദ്ദം കടുപ്പിച്ചതും മേഖലയെ സ്ഫോടനാത്മകമായ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'Leave Iran immediately': Embassy issues high alert to Indian citizens



