ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിലെ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാകിസ്താൻ സൈന്യം മിന്നലാക്രമണം നടത്തി. അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് പാക് വാർത്താ വിതരണ മന്ത്രി അത്തൗല്ല തരാർ ഔദ്യോഗികമായി അറിയിച്ചു. പാകിസ്താനിലെ ഇസ്ലാമാബാദിലുണ്ടായ ശക്തമായ ചാവേറാക്രമണത്തിന് പിന്നാലെയാണ് ഈ സൈനിക നടപടി. ഏഴ് ഭീകരവാദ കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും ആക്രമണം നടത്തിയെന്നാണ് പാകിസ്താന്റെ അവകാശവാദം.
എന്നാൽ, പാകിസ്താന്റെ ഈ നടപടിയിൽ സാധാരണക്കാരായ 17 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പക്തിക, നങ്കഹാർ പ്രവിശ്യകളിലെ മതപഠനശാലകൾക്കും ജനവാസ മേഖലകൾക്കും നേരെയാണ് ആക്രമണം ഉണ്ടായതെന്ന് അഫ്ഗാനിസ്ഥാൻ ആരോപിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നും, പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ ഈ ലംഘനം അംഗീകരിക്കാനാവില്ലെന്നും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ പാകിസ്താനും താലിബാൻ ഭരണകൂടവും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടെയാണ് വീണ്ടും വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. 2008-ന് ശേഷം പാകിസ്താൻ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിൽ 31 പേർ കൊല്ലപ്പെടുകയും 160-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അതിർത്തി കടന്നുള്ള പാകിസ്താന്റെ പ്രത്യാക്രമണം. ഇത് മേഖലയിലെ സമാധാന അന്തരീക്ഷത്തെ കൂടുതൽ വഷളാക്കുമെന്ന ആശങ്ക ശക്തമാണ്.
Pakistan Carries Out Cross-Border Strikes In Afghanistan
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



