ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന യു.എസ് പ്രസ്താവനയെ ഔദ്യോഗികമായി തള്ളി റഷ്യ. ഊർജ്ജ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ തങ്ങളുടെ നിലപാട് മാറ്റിയതായി വിശ്വസിക്കാൻ യാതൊരു കാരണവുമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ വ്യക്തമാക്കി. ബുധനാഴ്ച നടന്ന പ്രതിവാര വാർത്താ സമ്മേളനത്തിലാണ് അമേരിക്കൻ ഭരണകൂടത്തിന്റെ അവകാശവാദങ്ങൾക്കെതിരെ റഷ്യൻ വക്താവ് രംഗത്തെത്തിയത്.
റഷ്യൻ ഹൈഡ്രോകാർബണുകൾ വാങ്ങുന്നത് ഇന്ത്യയ്ക്കും റഷ്യയ്ക്കും ഒരുപോലെ ഗുണകരമാണെന്നും ഇത് അന്താരാഷ്ട്ര ഊർജ്ജ വിപണിയിലെ സ്ഥിരത നിലനിർത്താൻ സഹായിക്കുന്നുണ്ടെന്നും സഖാരോവ ചൂണ്ടിക്കാട്ടി. സ്വതന്ത്ര രാഷ്ട്രങ്ങൾക്ക് മേൽ ആജ്ഞാപിക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രസ്താവനകളെന്നും അവർ കുറ്റപ്പെടുത്തി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കഴിഞ്ഞ ആഴ്ചകളിൽ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ മറുപടി.
അതേസമയം, അമേരിക്കൻ ഭരണകൂടത്തിന്റെ പ്രസ്താവനകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. ഊർജ്ജ ഇറക്കുമതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ രാജ്യത്തിന്റെ ‘ദേശീയ താൽപ്പര്യങ്ങൾ’ക്കായിരിക്കും മുൻഗണനയെന്ന മുൻനിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി താരിഫ് കുറയ്ക്കാൻ അമേരിക്ക തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റഷ്യൻ എണ്ണ ഒഴിവാക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന വാർത്തകൾ അമേരിക്ക പ്രചരിപ്പിച്ചത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
'America's claim is just a lie'; Moscow says India will continue to buy Russian oil



