ലണ്ടൻ: വടക്കൻ ലണ്ടനിലെ വിവിധ സ്കൂളുകളിൽ അഞ്ചാംപനി (Measles) അതിവേഗം പടരുന്നു. എൻഫീൽഡ് മേഖലയിലെ ഏഴോളം സ്കൂളുകളിൽ റിപ്പോർട്ട് ചെയ്ത രോഗബാധയിൽ ഇതുവരെ 34 കുട്ടികൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു. രോഗം ബാധിച്ച അഞ്ചിൽ ഒരാൾ എന്ന കണക്കിൽ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളാരും തന്നെ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടില്ലെന്ന് യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി.
ജനുവരി മാസത്തിൽ ഇംഗ്ലണ്ടിൽ ആകെ റിപ്പോർട്ട് ചെയ്ത 96 കേസുകളിൽ മൂന്നിലൊന്ന് എൻഫീൽഡിലാണ്. എൻഫീൽഡ്, ഹാരിംഗേ എന്നീ മേഖലകളിലെ സ്കൂളുകളിലും നഴ്സറികളിലുമാണ് രോഗവ്യാപനം ശക്തമായിരിക്കുന്നത്. 10 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് രോഗം പ്രധാനമായും ബാധിച്ചിരിക്കുന്നത്. പനി, കണ്ണുകളിൽ ചുവപ്പ്, ചുമ, മൂക്കൊലിപ്പ് എന്നിവയ്ക്ക് പിന്നാലെ ശരീരത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് രോഗലക്ഷണം. ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പടരുന്ന ഈ വൈറസ് രോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വാക്സിനേഷൻ നിരക്കിലുണ്ടായ വലിയ കുറവാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് പ്രധാന കാരണമെന്ന് ഡോ. വനേസ സാലിബ ചൂണ്ടിക്കാട്ടി. എൻഫീൽഡിൽ അഞ്ച് വയസ്സുകാരായ കുട്ടികളിൽ വെറും 64.3 ശതമാനം പേർക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന 95 ശതമാനത്തേക്കാൾ വളരെ താഴെയാണിത്. ഈ സാഹചര്യം കണക്കിലെടുത്ത് ഈസ്റ്റർ അവധിക്ക് വിദേശയാത്ര നടത്തുന്നവരും കുട്ടികളുടെ വാക്സിനേഷൻ നില പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എം.എം.ആർ.വി (MMRV) വാക്സിൻ രണ്ട് ഡോസുകൾ എടുക്കുന്നതിലൂടെ ഈ രോഗത്തെ പൂർണ്ണമായും പ്രതിരോധിക്കാൻ സാധിക്കുമെന്നും എൻഫീൽഡ് കൗൺസിൽ അറിയിച്ചു.
‘Fast-spreading’ measles outbreak hits several schools in London
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



