വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിലെ മാന്യതയും മര്യാദകളും പൂർണ്ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുൻ പ്രസിഡന്റ് ബരാക് ഒബാമ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വംശീയ അധിക്ഷേപ വീഡിയോയെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് ഒബാമ രംഗത്തെത്തിയത്. ലിബറൽ പോഡ്‌കാസ്റ്റ് അവതാരകൻ ബ്രയാൻ ടൈലർ കോഹനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഒബാമയുടെ പ്രതികരണം. രാഷ്ട്രീയ രംഗത്തെ ചർച്ചകൾ ക്രൂരതയുടെ തലത്തിലേക്ക് തരംതാഴ്ന്നുവെന്നും മുൻപ് പൊതുപ്രവർത്തകർ പുലർത്തിയിരുന്ന ലജ്ജയോ ആത്മനിയന്ത്രണമോ ഇന്നത്തെ പലർക്കും ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വിവാദ വീഡിയോ ട്രംപിന്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിലാണ് പങ്കുവെക്കപ്പെട്ടത്. ‘ദി ലയൺ സ്ലീപ്‌സ് ടുനൈറ്റ്’ എന്ന ഗാനത്തിനൊപ്പം ചേർത്തിരുന്ന ഈ ക്ലിപ്പ് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഡെമോക്രാറ്റുകൾക്ക് പുറമെ റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന അംഗങ്ങളും ഇതിനെതിരെ രംഗത്തെത്തി. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വംശീയ അധിക്ഷേപമാണിതെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ടിം സ്കോട്ട് പ്രതികരിച്ചു. എന്നാൽ, വീഡിയോ കണ്ടിട്ടില്ലെന്നും മാപ്പ് പറയില്ലെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. ഒടുവിൽ ഒരു സ്റ്റാഫ് അംഗത്തിന് പറ്റിയ പിഴവാണെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് ഈ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.
സോഷ്യൽ മീഡിയയിലും ടെലിവിഷനുകളിലും നടക്കുന്നത് വെറുമൊരു ‘ക്ലൗൺ ഷോ’ (തമാശക്കളി) ആണെന്ന് ഒബാമ അഭിമുഖത്തിൽ പരിഹസിച്ചു. ട്രംപിന്റെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, രാഷ്ട്രീയത്തിലെ ഉന്നത പദവികൾ വഹിക്കുന്നവർ പുലർത്തേണ്ട അന്തസ്സും ബഹുമാനവും ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എങ്കിലും അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും പരസ്പര മര്യാദയിലും സ്നേഹത്തിലും വിശ്വസിക്കുന്നവരാണെന്ന കാര്യത്തിൽ തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും ഒബാമ കൂട്ടിച്ചേർത്തു. കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അദ്ദേഹം പ്രശംസിക്കുകയും അടുത്ത വർഷം ഷിക്കാഗോയിൽ തുറക്കുന്ന തന്റെ പ്രസിഡൻഷ്യൽ ലൈബ്രറിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
Obama addresses racist video shared by Trump depicting him as an ape
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



