വാഷിംഗ്ടൺ: അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റീന്റെ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്തതിൽ യുഎസ് നീതിന്യായ വകുപ്പിന് വീഴ്ച പറ്റിയെന്നാരോപിച്ച് അമേരിക്കൻ കോൺഗ്രസിൽ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ രൂക്ഷവിമർശനം. ബുധനാഴ്ച ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് മുൻപാകെ ഹാജരായ അറ്റോർണി ജനറൽ പാം ബോണ്ടിയും അംഗങ്ങളും തമ്മിൽ കടുത്ത വാക്പോരാണ് നടന്നത്. നാല് മണിക്കൂർ നീണ്ട ഹിയറിംഗിനിടെ ഡെമോക്രാറ്റിക് പ്രതിനിധിയെ ‘പരാജയപ്പെട്ട വ്യക്തി’ (washed up loser) എന്ന് ബോണ്ടി വിളിച്ചതും ഒരു അംഗം സഭയിൽ നിന്ന് ഇറങ്ങിപ്പോയതും നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
രഹസ്യരേഖകളിൽ നിന്ന് ഇരകളുടെ വിവരങ്ങൾ നീക്കം ചെയ്യുന്നതിൽ വകുപ്പ് പരാജയപ്പെട്ടുവെന്നും എന്നാൽ ഉന്നതരുടെ പേരുകൾ സംരക്ഷിക്കാൻ ബോധപൂർവം ശ്രമിച്ചുവെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ഇരകളുടെ നഗ്നചിത്രങ്ങൾ പോലും പരസ്യപ്പെടുത്തിയ നടപടിയിൽ മാപ്പ് പറയണമെന്ന ഡെമോക്രാറ്റിക് പ്രതിനിധി പ്രമീള ജയപാലിന്റെ ആവശ്യം ബോണ്ടി തള്ളി. ഇരകളോടുള്ള തന്റെ അനുഭാവം വ്യക്തമാക്കിയ ബോണ്ടി, പരിമിതമായ സമയത്തിനുള്ളിൽ രേഖകൾ പുറത്തുവിടുന്നതിനിടെയുണ്ടായ സാങ്കേതിക പിഴവുകൾ ഉടൻ പരിഹരിക്കുന്നുണ്ടെന്ന് സമിതിയെ അറിയിച്ചു.
റിപ്പബ്ലിക്കൻ അംഗമായ തോമസ് മാസിയും നീതിന്യായ വകുപ്പിന്റെ നടപടികളെ വിമർശിച്ചു. ഇത് ‘വാട്ടർഗേറ്റ്’ വിവാദത്തേക്കാൾ വലിയ വീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻസർ ഉൾപ്പെട്ട ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഹിയറിംഗിൽ ഉയർന്നു. എപ്‌സ്റ്റീൻ ഫയലുകളിലെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി ആൻഡ്രൂവിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് മുൻ അറ്റോർണി ജനറൽ മെറിക് ഗാർലണ്ടിനോടാണ് ഇത് ചോദിക്കേണ്ടതെന്നായിരുന്നു ബോണ്ടിയുടെ മറുപടി.
കൂടാതെ മിനിയാപൊളിസിലെ ഫെഡറൽ ഏജന്റുമാരുടെ വെടിവെപ്പ് അന്വേഷിക്കണമെന്ന ആവശ്യവും ഡെമോക്രാറ്റുകൾ ഉന്നയിച്ചു. എന്നാൽ, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നടപടികളെ പിന്തുണച്ച ബോണ്ടിയെ സമിതി അധ്യക്ഷൻ ജിം ജോർദാൻ പ്രശംസിച്ചു.
Four takeaways from Pam Bondi’s fiery Epstein testimony
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



