ഹവാന: ക്യൂബയിൽ ഊർജ്ജ പ്രതിസന്ധിയും ഇന്ധനക്ഷാമവും കടുത്തതോടെ വിനോദസഞ്ചാരികളെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ നടപടി ആരംഭിച്ച് ക്യൂബൻ സർക്കാർ. കാനഡയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ താമസിച്ചിരുന്ന ഹോട്ടലുകളിൽ നിന്ന് ഇന്ധന ലഭ്യതയുള്ള ചുരുക്കം ചിലയിടങ്ങളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കാനാണ് അധികൃതരുടെ ഈ നടപടി.
ഊർജ്ജം ലാഭിക്കുന്നതിന്റെ ഭാഗമായി ഒഴിഞ്ഞു കിടക്കുന്ന ഹോട്ടലുകളിലെ സേവനം നിർത്തിവച്ച്, വിനോദസഞ്ചാരികളെ ഒരുമിച്ച് താമസിപ്പിക്കാനാണ് നീക്കം. നിലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഭക്ഷണത്തിനോ വൈദ്യുതിക്കോ തടസ്സമില്ലെങ്കിലും രാജ്യത്തെ ഇന്ധന പ്രതിസന്ധി സേവനങ്ങളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ എന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും, സാഹചര്യം മോശമായതിനാൽ കാനഡ സർക്കാർ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹോട്ടലുകൾ ഭാഗികമായി അടച്ചുപൂട്ടുന്നത് പ്രാദേശിക തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെ ആശ്രയിച്ചു കഴിയുന്ന റിസോർട്ട് ജീവനക്കാർക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അമേരിക്കയുടെ വ്യാപാര ഉപരോധവും പ്രധാന വിതരണക്കാരിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചതുമാണ് ക്യൂബയെ നിലവിലെ കടുത്ത സാമ്പത്തിക-ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിച്ചത്. അടിസ്ഥാന ആവശ്യവസ്തുക്കളുടെ ക്ഷാമം തുടരുന്നതിനാൽ വിമാന സർവീസുകളെയും ഇത് ബാധിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Fuel shortages: Tourists evacuated from hotels in Cuba



