ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ആരാധനാലയത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഷെഹ്സാദ് ടൗണിലെ തർലായ് ഇമാംബാർഗയിലാണ് നാടിനെ നടുക്കിയ ആക്രമണമുണ്ടായത്. പരിക്കേറ്റ 169 പേരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ആരാധനാലയത്തിന്റെ പ്രധാന കവാടത്തിൽ വെച്ചാണ് ചാവേർ പൊട്ടിത്തെറിച്ചത്. വിശ്വാസികൾ തിങ്ങിനിറഞ്ഞ പ്രധാന ഹാളിലേക്ക് കടക്കാൻ അക്രമി ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത് വൻ ദുരന്തം ഒഴിവാക്കി. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ കവാടം പൂർണ്ണമായും തകരുകയും സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ആക്രമണത്തെത്തുടർന്ന് ഇസ്ലാമാബാദ് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനിടെ നഗരത്തിലുണ്ടാകുന്ന രണ്ടാമത്തെ വലിയ ചാവേർ ആക്രമണമാണിത്. സംഭവത്തെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ശക്തമായി അപലപിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം അധികൃതർക്ക് നിർദ്ദേശം നൽകി. പ്രദേശം ഇപ്പോൾ സുരക്ഷാ സേനയുടെ പൂർണ്ണ നിയന്ത്രണത്തിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Suicide attack on a place of worship in Islamabad: 31 dead, state of emergency declared in the city



