ഫ്രെഡറിക്‌ടൺ : ന്യൂ ബ്രൺസ്‌വിക്കിലെ ഇംഗ്ലീഷ്, ഫ്രഞ്ച് വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പ്രതികരണങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് ‘വാട്ട് വി ഹേർഡ്’ (What we heard) റിപ്പോർട്ടുകളാണ് സർക്കാർ പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ നവംബർ വരെ നടന്ന ചർച്ചകളിൽ ഇംഗ്ലീഷ് മേഖലയിൽ നിന്ന് പതിനൊന്നായിരത്തോളം പ്രതികരണങ്ങളും ഫ്രഞ്ച് മേഖലയിൽ നിന്ന് മൂവായിരത്തിലധികം പ്രതികരണങ്ങളും ലഭിച്ചതായി അധികൃതർ അറിയിച്ചു.
നിലവിലെ വിദ്യാഭ്യാസ രീതിയുടെ കരുത്തും മെച്ചപ്പെടുത്തേണ്ട വശങ്ങളും ഈ അഭിപ്രായങ്ങളിലൂടെ വ്യക്തമായതായി സർക്കാർ അധികാരികൾ അറിയിച്ചു.
നിലവിലുള്ള 10 വർഷത്തെ പദ്ധതി 2016-ലാണ് പുറത്തിറക്കിയത്. പുതിയ വിദ്യാഭ്യാസ പദ്ധതി ഈ അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് പുറത്തിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഈ റിപ്പോർട്ടുകളിന്മേലുള്ള കൂടുതൽ അഭിപ്രായങ്ങൾ മാർച്ച് 6 വരെ ഇമെയിൽ വഴി അറിയിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പങ്കാളികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി ചേർന്ന് വിദ്യാഭ്യാസ മേഖലയിൽ ഒരു പൊതു കാഴ്ചപ്പാട് രൂപീകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ക്ലെയർ ജോൺസൺ പ്രസ്താവനയിൽ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിൽ സാക്ഷരത, ഗണിതശാസ്ത്ര നൈപുണ്യം എന്നിവ വർധിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ അസാന്നിധ്യം കുറയ്ക്കുന്നതിനുമാണ് വകുപ്പ് മുൻഗണന നൽകുന്നത്.
കഴിഞ്ഞ വർഷം ഇംഗ്ലീഷ് മേഖലയിൽ സാക്ഷരതാ ലക്ഷ്യങ്ങൾ കൈവരിച്ചെങ്കിലും ഫ്രഞ്ച് മേഖലയിലെ സാക്ഷരതയിലും ഇരു വിഭാഗങ്ങളിലെയും ഗണിത നൈപുണ്യത്തിലും ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനായില്ലെന്ന് മന്ത്രി ജോൺസൺ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെന്നും വസന്തകാലത്ത് പുറത്തിറങ്ങുന്ന പുതിയ പദ്ധതികൾ ഇതിനായുള്ള ദീർഘകാല പ്രവർത്തനങ്ങളുടെ ആദ്യപടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂൾ പ്രഭാതഭക്ഷണ പരിപാടി, വിഭവങ്ങളുടെ പുനർവിന്യാസം, പുതിയ അധ്യാപകരെ നിയമിക്കുന്നതിനും നിലവിലുള്ളവരെ നിലനിർത്തുന്നതിനുമുള്ള കർമ്മപദ്ധതി എന്നിവ വഴി വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. വരാനിരിക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതികൾ ന്യൂ ബ്രൺസ്‌വിക്കിന്റെ വിദ്യാഭ്യാസ ദിശ നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് പ്രവിശ്യാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
New Brunswick seeks public input on education plan; ‘What We Heard’ report receives nearly 14,000 responses



