സസ്കാറ്റൂൺ ; കാനഡയിലെ മറ്റു പ്രവിശ്യകളെ അപേക്ഷിച്ച് സസ്കാച്ചവാനിൽ വീട് വാങ്ങുന്നത് ഇപ്പോഴും ലാഭകരമാണെന്നാണ് നമ്മൾ കേൾക്കാറുള്ളത്. എന്നാൽ കാര്യങ്ങൾ അത്ര നിസ്സാരമല്ല! വീടുകൾക്ക് വില കുറവാണെങ്കിലും, വാങ്ങാൻ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ സസ്കാച്ചവാനിൽ. വലിയ നഗരങ്ങളിലായാലും ചെറിയ ഗ്രാമങ്ങളിലായാലും വീടുകളുടെ ക്ഷാമം രൂക്ഷമാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. വീട് വിൽക്കാൻ ഇട്ടാൽ നിമിഷനേരം കൊണ്ട് വിറ്റു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
യോർക്ടണിലെ (Yorkton) റിയൽ എസ്റ്റേറ്റ് വിദഗ്ധനായ കോറി വെർണറുടെ അഭിപ്രായത്തിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീട് വിൽപനയിൽ ചെറിയ കുറവ് വന്നിട്ടുണ്ട്. പക്ഷേ, വീടുകളുടെ വില വർധിക്കുകയാണ് ചെയ്തത്. യോർക്ടൺ മാത്രമല്ല, കനോറ, ഇറ്റുന, മെൽവിൽ, ലാംഗൻബർഗ് തുടങ്ങിയ ചെറിയ ടൗണുകളിലും സ്ഥിതി സമാനമാണ്. വിപണിയിൽ ആവശ്യത്തിന് വീടുകൾ ഇല്ലാത്തതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.
നല്ല വീടുകൾ കുറവായതുകൊണ്ട് തന്നെ, നിലവിൽ വീടുള്ളവർ അത് വിറ്റ് പുതിയതിലേക്ക് മാറാൻ മടിക്കുന്നു. ഇത് വിപണിയിലെ വീടുകളുടെ എണ്ണം വീണ്ടും കുറയാൻ കാരണമാകുന്നു. റെജീന നഗരത്തിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. സാധാരണ ഉണ്ടാകാറുള്ളതിന്റെ പകുതി വീടുകൾ മാത്രമേ ഇപ്പോൾ അവിടെ വിൽപനയ്ക്കുള്ളൂ. വീട് വിൽക്കുന്നവർക്ക് ഇത് നല്ല സമയമാണെങ്കിലും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ വെല്ലുവിളിയാണ്.
നിർമ്മാണ മേഖലയിലെ കടുപ്പമേറിയ നിയമങ്ങളും കാലതാമസവുമാണ് പുതിയ വീടുകൾ ഉണ്ടാകാത്തതിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗവൺമെന്റ് ഇടപെട്ട് ഈ നിയമങ്ങളിൽ ഇളവ് വരുത്തിയാൽ മാത്രമേ കൂടുതൽ വീടുകൾ നിർമ്മിക്കാനും വില കുറയ്ക്കാനും സാധിക്കൂ. എന്നിരുന്നാലും, വലിയ നഗരങ്ങളിലെ ചെലവേറിയ ജീവിതത്തേക്കാൾ സമാധാനവും കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര സൗകര്യങ്ങളും നൽകുന്ന ചെറിയ കമ്മ്യൂണിറ്റികളിലേക്ക് ആളുകൾ ഇപ്പോഴും ആകർഷിക്കപ്പെടുന്നുണ്ട്.
housing-shortage-affecting-both-urban-and-rural-saskatchewan-realtors-say/
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



