ടൊറന്റോ: പ്രമുഖ ഇലക്ട്രോണിക്സ് വിപണന ശൃംഖലയായ കാനഡ കമ്പ്യൂട്ടേഴ്‌സ് ആൻഡ് ഇലക്ട്രോണിക്‌സിന്റെ വെബ്‌സൈറ്റിൽ ഉണ്ടായ സുരക്ഷാ വീഴ്ചയെത്തുടർന്ന് ആയിരത്തിലധികം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു. ജനുവരി 22-ന് കമ്പനിയുടെ ഓൺലൈൻ പേയ്‌മെന്റ് സിസ്റ്റത്തിൽ ഉണ്ടായ അനധികൃത കടന്നുകയറ്റമാണ് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉൾപ്പെടെയുള്ളവ പുറത്താകാൻ കാരണമായതെന്ന് കാനഡ കമ്പ്യൂട്ടേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നിലവിലെ അന്വേഷണ പ്രകാരം ഏകദേശം 1,284 ഉപഭോക്താക്കളെ ഈ ഡാറ്റ ചോർച്ച നേരിട്ട് ബാധിച്ചിട്ടുണ്ട്. ഡിസംബർ 29 മുതൽ ജനുവരി 22 വരെയുള്ള കാലയളവിൽ വെബ്‌സൈറ്റിൽ ‘ഗസ്റ്റ്’ ആയി സാധനങ്ങൾ വാങ്ങിയവരുടെ വിവരങ്ങളാണ് നഷ്ടപ്പെട്ടത്. വിവരം പുറത്തുവന്നതോടെ ഒന്റാറിയോ പൊലീസിനും ഫെഡറൽ സ്വകാര്യ നിരീക്ഷണ ഏജൻസിക്കും കമ്പനി പരാതി നൽകി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബാധിക്കപ്പെട്ട ഉപഭോക്താക്കൾക്ക് രണ്ട് വർഷത്തെ സൗജന്യ ക്രെഡിറ്റ് മോണിറ്ററിംഗ് സേവനവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, ഡാറ്റ ചോർച്ച കൈകാര്യം ചെയ്യുന്നതിൽ കമ്പനി വരുത്തിയ വീഴ്ചയിൽ ഉപഭോക്താക്കൾ കടുത്ത പ്രതിഷേധത്തിലാണ്. തങ്ങളുടെ വിവരങ്ങൾ ചോർന്നുവെന്ന തെറ്റായ സന്ദേശം ലഭിച്ചതിനെത്തുടർന്ന് ക്രെഡിറ്റ് കാർഡുകൾ റദ്ദാക്കിയ പലർക്കും, പിന്നീട് തങ്ങൾ ബാധിക്കപ്പെട്ടിട്ടില്ലെന്ന തിരുത്തൽ സന്ദേശമാണ് കമ്പനിയിൽ നിന്നും ലഭിച്ചത്. ഇത്തരം തെറ്റായ അറിയിപ്പുകൾ വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും കമ്പനിയുടെ സുതാര്യതയിൽ വിശ്വാസമില്ലെന്നും ഉപഭോക്താക്കൾ പ്രതികരിച്ചു. ആശയവിനിമയത്തിൽ പിഴവ് പറ്റിയതായി സമ്മതിച്ച കമ്പനി അധികൃതർ ഉപഭോക്താക്കളോട് മാപ്പ് അപേക്ഷിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Cyber attack on Canada Computers; Company says data of over 1,000 customers leaked



