ടൊറന്റോ: കാനഡയിലെ മില്ലേനിയൽ തലമുറയിൽപ്പെട്ട ഭൂരിഭാഗം ആളുകളും തങ്ങളുടെ വിരമിക്കൽ കാലത്തെക്കുറിച്ച് കടുത്ത ആശങ്കയിലാണെന്ന് ബി.എം.ഒ (BMO) പുറത്തുവിട്ട പുതിയ സർവേ റിപ്പോർട്ട്. മുൻതലമുറയെ അപേക്ഷിച്ച് വിരമിക്കൽ പ്ലാനുകൾ നടപ്പിലാക്കുന്നത് നിലവിലെ സാഹചര്യത്തിൽ ഏറെ പ്രയാസകരമാണെന്ന് എഴുപത് ശതമാനത്തിലധികം പേർ അഭിപ്രായപ്പെട്ടതായി കാനഡയിലെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ വെളിപ്പെടുത്തി.
മാതാപിതാക്കളുടെ കാലത്തെക്കാൾ വെല്ലുവിളികൾ നിറഞ്ഞതാണ് ഇപ്പോഴത്തെ സാമ്പത്തിക ചുറ്റുപാടെന്ന് 67 ശതമാനം ആളുകൾ വിശ്വസിക്കുന്നു. ഇതിൽ മില്ലേനിയൽ വിഭാഗത്തിലാണ് ആശങ്ക ഏറ്റവും കൂടുതൽ (73%). തൊട്ടുപിന്നാലെ ജെൻ എക്‌സ് (Gen X) വിഭാഗത്തിലെ 68 ശതമാനം പേരും സമാനമായ അഭിപ്രായം പങ്കുവെച്ചു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും വീടുവിലയുമാണ് ഈ ആശങ്കയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിരമിക്കൽ കാലത്തെ ജീവിതത്തിനായി നിലവിലെ ചെലവിന്റെ 70 ശതമാനമെങ്കിലും കണ്ടെത്താനാകണം എന്നതാണ് പൊതുവായ തത്വമെന്ന് ഫിനാൻഷ്യൽ പ്ലാനർ ലോറ വൈറ്റ്‌ലാൻഡ് പറയുന്നു. ജോലി സംബന്ധമായ ചെലവുകൾ കുറയുമെന്നതിനാൽ ഈ തുക കൊണ്ട് ജീവിതനിലവാരം നിലനിർത്താനാകും. എന്നാൽ, ഓരോ വ്യക്തിയുടെയും ആഗ്രഹങ്ങൾക്കനുസരിച്ച് ഈ ലക്ഷ്യത്തിൽ മാറ്റം വരാമെന്നും വ്യക്തമായ പ്ലാനിംഗ് ആണ് തുകയെക്കാൾ പ്രധാനമെന്നും ബ്ലൂം ഫിനാൻഷ്യൽ സി.ഇ.ഒ ബെൻ മക്കേബ് ചൂണ്ടിക്കാട്ടി.
സമ്പാദ്യം തുടങ്ങാൻ ഒരിക്കലും വൈകിയിട്ടില്ലെന്നും ശമ്പളം ലഭിക്കുമ്പോൾ തന്നെ ഒരു നിശ്ചിത തുക മാറ്റിവെക്കുന്ന ശീലം വളർത്തണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. ആർ.ആർ.എസ്.പി (RRSP), ടി.എഫ്.എസ്.എ (TFSA) തുടങ്ങിയ നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടുത്തുന്നത് നികുതി ആനുകൂല്യങ്ങൾ ലഭിക്കാനും സുരക്ഷിതമായ ഭാവി ഉറപ്പാക്കാനും സഹായിക്കും. പ്ലാനിംഗ് വൈകുന്നതാണ് നിക്ഷേപ തീരുമാനങ്ങളെക്കാൾ വലിയ പരാജയമായി മാറുന്നതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Concerns that retirement will be challenging; Survey finds growing fear among millennials



