ഒട്ടാവ: കാനഡയിലെ പ്രശസ്തമായ ലഘുഭക്ഷണമായ ‘പിസ്സ പോപ്‌സ്’ (Pizza Pops) ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് വ്യാപകമായി തിരിച്ചുവിളിക്കുന്നു. മാരകമായ ഇ-കോളി (E. coli O26) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ക്രിസ്മസിന് മുൻപ് ആരംഭിച്ച ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കൽ നടപടി ഇപ്പോൾ കൂടുതൽ ഇനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു.
ത്രീ-ചീസ്, പെപ്പറോണി, പെപ്പറോണി ആന്റ് ബേക്കൺ, ഡീലക്സ്, ത്രീ-മീറ്റ് തുടങ്ങി വിവിധ പായ്ക്കറ്റുകളിൽ ലഭിക്കുന്ന പിസ്സ പോപ്‌സ് ഇനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഇ-കോളി ബാധിച്ച ഭക്ഷണസാധനങ്ങൾ കണ്ടാലോ മണത്താലോ കേടായതായി തോന്നില്ലെങ്കിലും അവ ആരോഗ്യത്തിന് അതീവ ഹാനികരമാണ്. ഇതിനോടകം തന്നെ രാജ്യത്തെ ഏഴ് പ്രവിശ്യകളിലായി നിരവധി ആളുകൾ ബാക്ടീരിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
ഛർദ്ദി, വയറുവേദന, തലവേദന, പനി, രക്തം കലർന്ന വയറിളക്കം എന്നിവയാണ് ഇ-കോളി ബാധയുടെ പ്രധാന ലക്ഷണങ്ങൾ. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിലാണ് ഈ ബാക്ടീരിയ ബാധ ഗുരുതരമാകാൻ സാധ്യതയുള്ളത്. പിസ്സ പോപ്‌സ് നിർമ്മാതാക്കളായ ജനറൽ മിൽസ് തങ്ങളുടെ ഉപഭോക്താക്കളോട് ഫ്രീസറുകൾ പരിശോധിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിൽ അവ നശിപ്പിക്കാനോ വാങ്ങിയ കടയിൽ തിരികെ നൽകാനോ ആവശ്യപ്പെട്ടിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Possible E. coli contamination sees more products added to Pizza Pops recall



