ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിൽ ഇന്ത്യൻ വംശജനായ 28-കാരൻ വെടിയേറ്റു മരിച്ചു. ബർണബി സ്വദേശിയായ ദിൽരാജ് ഗില്ലാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നിലനിൽക്കുന്ന ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി നടന്ന ആസൂത്രിത കൊലപാതകമാണിതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അറിയിച്ചു. ജനുവരി 22-ന് പ്രാദേശിക സമയം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
വെടിയൊച്ച കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ദിൽരാജിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടന്നതിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്തുനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ ഒരു വാഹനം തീപിടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനത്തിന് ദിൽരാജിന്റെ കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവരും വെടിവെപ്പിന് ദൃക്‌സാക്ഷികളായവരും അന്വേഷണവുമായി സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Indian-origin man shot dead in Canada; RCMP intensifies investigation, suspecting gang violence



