ടൊറന്റോ : രാജ്യത്തുടനീളം പടരുന്ന കടുത്ത ശൈത്യം കാനഡയിലെ പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചതായി റിപ്പോർട്ട്. അത്യന്തം കുറഞ്ഞ താപനിലയും മഞ്ഞുവീഴ്ചയും കാരണം രാജ്യത്തെ ഒട്ടുമിക്ക വിമാനത്താവളങ്ങളിലും സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു.
ടൊറന്റോ, മോൺട്രിയൽ എന്നിവിടങ്ങളിൽ തണുപ്പ് അതികഠിനമായി തുടരുന്നതിനാൽ വിമാനങ്ങൾ സമയക്രമം പാലിക്കുന്നതിൽ തടസ്സ നേരിടുന്നുണ്ടെന്ന് എയർ കാനഡ ഔദ്യോഗികമായി അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം പരിഗണിച്ച് യാത്രക്കാർക്ക് അധിക ചെലവില്ലാതെ തന്നെ വിമാന ടിക്കറ്റുകൾ പുനഃക്രമീകരിക്കാനുള്ള സൗകര്യം കമ്പനി വെബ്സൈറ്റ് വഴി ലഭ്യമാക്കിയിട്ടുണ്ട്.
ഹാലിഫാക്സ്, മോങ്ക്ടൺ, ക്യുബെക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെയും ശൈത്യം ബാധിച്ചിട്ടുണ്ട്. വെസ്റ്റ്ജെറ്റ് എയർലൈൻസും സമാനമായ മുന്നറിയിപ്പ് യാത്രക്കാർക്ക് നൽകിയിട്ടുണ്ട്. കാനഡയ്ക്ക് പുറമെ അതിർത്തിക്കപ്പുറമുള്ള അറ്റ്ലാന്റ, ഹ്യൂസ്റ്റൺ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയും ഈ സാഹചര്യം ബാധിച്ചിട്ടുണ്ട്. അമേരിക്കയിലുടനീളം വീശിയടിക്കുന്ന ശക്തമായ ശീതകാല കൊടുങ്കാറ്റും ഗതാഗത തടസ്സങ്ങൾക്ക് ആക്കം കൂട്ടി.
ന്യൂ ബ്രൺസ്വിക്ക് മുതൽ ആൽബർട്ട വരെയുള്ള പ്രദേശങ്ങളിൽ കനത്ത തണുപ്പ് തുടരുകയാണ്. പ്രെയറി മേഖലകളിൽ കാറ്റുകൂടി എത്തുന്നതോടെ താപനില -55 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ടൊറന്റോ, ഓട്ടാവ തുടങ്ങിയ നഗരങ്ങളിൽ തണുപ്പ് -30 മുതൽ -40 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Extreme cold continues: Flight services disrupted in Canada; passengers in distress



