വാഷിംഗ്ടൺ: ഹോളിവുഡ് സിനിമകളെ വെല്ലുന്ന കുറ്റകൃത്യങ്ങളുടെ പരമ്പരകൾക്ക് അറുതി വരുത്തിക്കൊണ്ട് കാനഡയുടെ മുൻ ഒളിമ്പിക് താരം റയാൻ വെഡിംഗ് (44) മെക്സിക്കോയിൽ പിടിയിലായി. രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയുടെ തലവനും എഫ്.ബി.ഐയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലെ പ്രധാനിയുമായ വെഡിംഗിനെ മെക്സിക്കോ സിറ്റിയിൽ നിന്നാണ് പിടികൂടിയത്. ലോകം കണ്ട ഏറ്റവും വലിയ ലഹരി മാഫിയകളിലൊന്നായ സിനലോവ കാർട്ടലിന്റെ സംരക്ഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 125 കോടിയിലധികം രൂപ (15 മില്യൺ ഡോളർ) അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലാണ് അറസ്റ്റ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2002-ലെ സാൾട്ട് ലേക്ക് സിറ്റി ഒളിമ്പിക്സിൽ കാനഡയെ പ്രതിനിധീകരിച്ച സ്നോബോർഡിംഗ് താരമായിരുന്നു റയാൻ വെഡിംഗ്. കായിക ലോകത്തുനിന്ന് അധോലോകത്തേക്ക് ചുവടുമാറ്റിയ ഇയാൾ, അമേരിക്കയെയും കാനഡയെയും വിറപ്പിച്ച വൻകിട ലഹരി ശൃംഖല കെട്ടിപ്പടുത്തു. കൊക്കെയ്ൻ കടത്തിന് പുറമെ, കാനഡയിലെ ഒന്റാറിയോയിൽ നടന്ന നിരവധി കൊലപാതകങ്ങളുടെയും ആസൂത്രകൻ ഇയാളാണെന്ന് എഫ്.ബി.ഐ കണ്ടെത്തി.
2023 നവംബറിൽ ഒന്റാറിയോയിൽ ഒരു കുടുംബത്തിലെ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവവും ഇതിൽ ഉൾപ്പെടുന്നു. ലഹരിമരുന്ന് നീക്കം തടസ്സപ്പെടുത്തിയതിനും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുമാണ് ഇയാൾ കൊലപാതകങ്ങൾക്ക് ഉത്തരവിട്ടിരുന്നത്. നീണ്ട ഒരു വർഷക്കാലമായി അധികൃതരെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന വെഡിംഗിനെ പിടികൂടാൻ കാനഡയുടെയും അമേരിക്കയുടെയും ഏജൻസികൾ സംയുക്തമായാണ് നീക്കം നടത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി വെഡിംഗുമായി ബന്ധപ്പെട്ട 100 കോടിയിലധികം രൂപ വിലമതിക്കുന്ന ആഡംബര കാറുകളും ക്രിപ്റ്റോ കറൻസികളും മെക്സിക്കോയിലെ സ്വത്തുക്കളും പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇയാളുടെ സംഘത്തിലെ പ്രധാനികളായ ലഹരിമരുന്ന് അഭിഭാഷകൻ ദീപക് പരദ്കർ, ജ്വല്ലറി ഉടമ റോലൻ സൊകൊലോവ്സ്കി എന്നിവരും ഇതിനോടകം പിടിയിലായിട്ടുണ്ട്. ‘ആധുനിക കാലത്തെ എൽ ചാപ്പോ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇയാളുടെ അറസ്റ്റോടെ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ക്രിമിനൽ സംഘങ്ങളിലൊന്നിനാണ് പൂട്ടുവീണത്.
everything-we-know-about-the-hunt-for-ryan-wedding-and-how-it-finally-ended
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



