ലണ്ടൻ: ലണ്ടനിൽ വ്യാജ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും പിൻബലത്തിൽ വൻതോതിൽ വിസ തട്ടിപ്പ് നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ അന്വേഷണ റിപ്പോർട്ട്. ഇന്ത്യൻ വംശജർ ഉൾപ്പെട്ട വലിയൊരു ശൃംഖലയാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തൽ. സോഷ്യൽ മീഡിയ വഴി പരസ്യം നൽകി കുടിയേറ്റക്കാരെ ആകർഷിക്കുന്ന ഇവർ, ഹോം ഓഫിസിനെപ്പോലും കബളിപ്പിച്ചാണ് അനധികൃതമായി ആളുകളെ യുകെയിൽ എത്തിക്കുന്നത്.
പ്രധാനമായും 25,000 പൗണ്ട് വരെ ഈടാക്കിയാണ് തട്ടിപ്പുകാർ വിദഗ്ദ്ധ തൊഴിലാളി വിസകൾ സംഘടിപ്പിച്ചു നൽകുന്നത്. നിലവിലില്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ ജോലി വാഗ്ദാനം നൽകുന്ന ഇവർ, ഉദ്യോഗാർത്ഥിക്ക് ബാങ്ക് വഴി ശമ്പളം ലഭിക്കുന്നുണ്ടെന്ന് കാണിക്കാൻ പ്രത്യേക തന്ത്രവും പ്രയോഗിക്കുന്നു. ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം അയക്കുകയും ഉടൻ തന്നെ ആ തുക പണമായി തിരികെ വാങ്ങുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ രേഖകളിൽ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് അധികൃതരെ വിശ്വസിപ്പിക്കാൻ ഇവർക്ക് കഴിയുന്നു.
കോമൾ ഷിൻഡെ, രൂപ് മസീഹ് തുടങ്ങിയവർ നയിക്കുന്ന സംഘമാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നിലെന്നാണ് സൂചന. കെയർ ഹോമുകൾ, വെയർഹൗസുകൾ തുടങ്ങിയ ഇടങ്ങളിലെ ജോലിക്കായിട്ടാണ് ഇത്തരത്തിൽ ആളുകളെ എത്തിക്കുന്നത്. പലരും വിദ്യാർത്ഥി വിസ കാലാവധി കഴിഞ്ഞിട്ടും തട്ടിപ്പ് സംഘങ്ങളുടെ സഹായത്തോടെ രാജ്യത്ത് തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമെന്നും ബ്രിട്ടീഷ് ഹോം ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പിന് ഉപയോഗിച്ച അക്കൗണ്ടുകൾക്കെതിരെ നടപടി എടുത്തതായി മെറ്റാ വക്താവും അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Visa fraud shocks Britain: Indians are being smuggled for lakhs; Home Office is also being cheated by forging documents!



