തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി. ഡാനിയേൽ പുരസ്കാരം പ്രശസ്ത നടി ശാരദയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് സംസ്ഥാന സർക്കാരിന്റെ ഈ പ്രധാനപ്പെട്ട ചലച്ചിത്ര ബഹുമതി. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2026 ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.
അറുപതുകൾ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളി സ്ത്രീജീവിതത്തെ തിരശ്ശീലയിൽ അനശ്വരമാക്കിയ പ്രതിഭയാണ് ശാരദയെന്ന് ജൂറി വിലയിരുത്തി. 1968-ൽ ‘തുലാഭാരം’, 1972-ൽ ‘സ്വയംവരം’ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് രണ്ട് ദേശീയ പുരസ്കാരങ്ങൾ അവർ നേടിത്തന്നു. കൂടാതെ 1977-ൽ തെലുങ്ക് ചിത്രമായ ‘നിമജ്ജന’ത്തിലൂടെയും ദേശീയ പുരസ്കാരം നേടി. ശ്രീകുമാരൻ തമ്പി ചെയർപേഴ്സണും നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
1945-ൽ ആന്ധ്രപ്രദേശിലെ തെനാലിയിൽ ജനിച്ച ശാരദ, 1965-ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഇണപ്രാവുകൾ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറുന്നത്. മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, ത്രിവേണി, അടിമകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങി 125-ഓളം മലയാള സിനിമകളിൽ അവർ വേഷമിട്ടു. ഐ.എഫ്.എഫ്.കെയിൽ (IFFK) റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടി എന്ന ബഹുമതിയും ശാരദയ്ക്കാണ്.
മലയാളി സ്ത്രീയുടെ സഹനങ്ങളെയും പോരാട്ടങ്ങളെയും നിയന്ത്രിതമായ ഭാവപ്പകർച്ചകളോടെ അവതരിപ്പിച്ച ശാരദ, കേരളത്തിന്റെ ചലച്ചിത്ര ചരിത്രത്തിൽ അവിഭാജ്യ ഘടകമാണെന്ന് പുരസ്കാര നിർണ്ണയ സമിതി നിരീക്ഷിച്ചു. നിശാഗന്ധിയിൽ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിനോടൊപ്പമാകും ജെ.സി. ഡാനിയേൽ പുരസ്കാരവും വിതരണം ചെയ്യുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
J.C. Daniel Award for Actress Sharada



