ക്യുബെക്ക്: പ്രവിശ്യാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്യുബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോ തന്റെ രാജി പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ ക്യുബെക്ക് സിറ്റിയിലെ നാഷണൽ അസംബ്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പദവി ഒഴിയുന്ന കാര്യം അറിയിച്ചത്. ഭരണകക്ഷിയായ കോയാലിഷൻ അവനിർ ക്യുബെക്കിന്റെ (CAQ) പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ താൻ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവിശ്യാ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒരു കാലഘട്ടത്തിനാണ് ഇതോടെ വിരാമമാകുന്നത്. ജനങ്ങൾ ഇപ്പോൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അത് പ്രീമിയർ സ്ഥാനത്തുനിന്നുതന്നെ തുടങ്ങണമെന്നും രാജി പ്രഖ്യാപനത്തിനിടെ ലെഗോ പറഞ്ഞു. 2011-ൽ താൻ തന്നെ സ്ഥാപിച്ച പാർട്ടിയെ നയിച്ച് രണ്ട് വട്ടം ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2018 മുതൽ ക്യുബെക്കിന്റെ പ്രീമിയറാണ് അദ്ദേഹം.
കഴിഞ്ഞ കുറച്ചുമാസങ്ങളായി തുടരുന്ന രാഷ്ട്രീയ അസ്ഥിരതയും അഭിപ്രായ സർവേകളിലെ തിരിച്ചടിയുമാണ് പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചത്. മന്ത്രിസഭയിലെ പ്രമുഖരായ ലയണൽ കാർമാൻ, ക്രിസ്റ്റ്യൻ ഡ്യൂബെ എന്നിവർ നേരത്തെ പദവികൾ ഒഴിഞ്ഞിരുന്നു. ആരോഗ്യ മേഖലയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട തർക്കങ്ങളും ബിൽ-2 പോലുള്ള നിയമനിർമ്മാണങ്ങളിലെ പാളിച്ചകളും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനുപുറമെ നിരവധി എം.എൻ.എമാർ പാർട്ടി വിട്ടതും ഭരണകക്ഷിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കി.
2026 ഒക്‌ടോബർ 5-നാണ് ക്യുബെക്കിൽ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടിക്ക് പുതിയൊരു മുഖം നൽകാനാണ് നേതൃത്വത്തിന്റെ നീക്കം. വരും ദിവസങ്ങളിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയാണ് സി.എ.ക്യു .
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Quebec Premier François Legault announces resignation



