ഒട്ടാവ: ഈ വർഷം കാനഡയിൽ താൽക്കാലിക താമസാനുമതിയുള്ള 21 ലക്ഷത്തോളം പേരുടെ വിസ കാലാവധി അവസാനിക്കുന്നു. ഇതിൽ വലിയൊരു വിഭാഗം ആളുകൾ രാജ്യം വിട്ടുപോകുമോ എന്ന കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ഇമിഗ്രേഷൻ വിദഗ്ധർ. വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ് എന്നിവയുടെ കാലാവധി അവസാനിക്കുന്നവർ നിയമപരമായി രാജ്യം വിടണമെന്നാണ് ചട്ടമെങ്കിലും, എല്ലാവരും മടങ്ങും എന്ന അനുമാനം തെറ്റാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 14.9 ലക്ഷം പേരുടെ പെർമിറ്റുകൾ കാലഹരണപ്പെട്ടിരുന്നു. ഈ വർഷം ഇത് 14 ലക്ഷം കടക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവർക്ക് സ്ഥിരതാമസത്തിന് (PR) ആവശ്യമായ വിസകളുടെ എണ്ണം സർക്കാർ പരിമിതപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വർഷം 3.95 ലക്ഷം പേർക്കും ഈ വർഷം 3.8 ലക്ഷം പേർക്കും മാത്രമാണ് പി.ആർ അനുവദിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് നിയമപരമായ പദവി ഇല്ലാതെ രാജ്യത്ത് തുടരേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വിൻഡ്സറിലെ ഓട്ടോമോട്ടീവ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനായ അഭിഷേക് പർമറെപ്പോലെ ആയിരക്കണക്കിന് യുവാക്കൾ നിലവിൽ കടുത്ത ആശങ്കയിലാണ്. 2019-ൽ വിദ്യാർത്ഥിയായെത്തിയ അഭിഷേക് എൺപതിനായിരത്തോളം ഡോളർ ചിലവഴിച്ചാണ് പഠനം പൂർത്തിയാക്കിയത്. എന്നാൽ വിസ കാലാവധി അവസാനിക്കാറായതോടെ തന്റെ സ്വപ്നങ്ങൾ പാതിവഴിയിൽ നിലച്ച അവസ്ഥയിലാണെന്ന് അദ്ദേഹം പറയുന്നു. സ്ഥിരതാമസത്തിനുള്ള അപേക്ഷാ മാനദണ്ഡങ്ങൾ കടുപ്പിച്ചതും തൊഴിൽ മേഖലയിലെ മാറ്റങ്ങളും പർമറെപ്പോലെയുള്ള പലർക്കും തിരിച്ചടിയായി.
പെർമിറ്റ് കാലാവധി കഴിഞ്ഞാൽ രാജ്യം വിടണമെന്നും താൽക്കാലിക പദവി സ്ഥിരതാമസത്തിനുള്ള അവകാശമല്ലെന്നും ഐ.ആർ.സി.സി വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം പദവി പുതുക്കാത്തവർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം. എന്നാൽ, ലക്ഷക്കണക്കിന് ആളുകളെ ഒരേസമയം നാടുകടത്തുന്നത് പ്രായോഗികമല്ലെന്ന് ഇമിഗ്രേഷൻ അഭിഭാഷകനായ ലൂ ജാൻസൻ ഡാംഗ്സാലൻ നിരീക്ഷിക്കുന്നു. നിലവിൽ രാജ്യത്ത് രണ്ട് മുതൽ അഞ്ച് ലക്ഷം വരെ രേഖകളില്ലാത്ത കുടിയേറ്റക്കാർ ഉണ്ടെന്നാണ് കണക്കുകൾ. വരും മാസങ്ങളിൽ ഈ എണ്ണം വർധിക്കുന്നത് വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Visas of 2.1 million temporary residents in Canada expire; uncertainty in the immigration sector



