ഒട്ടാവ: ജീവിതനിലവാരത്തിൽ വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച നഗരമായി കാനഡയുടെ തലസ്ഥാനമായ ഒട്ടാവ തെരഞ്ഞെടുക്കപ്പെട്ടു. നമ്പിയോയുടെ 2026-ലെ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് പ്രകാരം കാനഡയിലും വടക്കേ അമേരിക്കയിലും ഒന്നാമതെത്തിയ ഒട്ടാവയ്ക്ക് ആഗോളതലത്തിൽ 28-ാം സ്ഥാനമാണുള്ളത്. ലോകമെമ്പാടുമുള്ള 304 നഗരങ്ങളിൽ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. പട്ടികയിലെ ആദ്യ 30 സ്ഥാനങ്ങളിൽ യൂറോപ്പിന് പുറത്തുനിന്നുള്ള ഏക നഗരവും ഒട്ടാവയാണ്.
ജീവിതച്ചെലവ്, വസ്തുവിലയും വരുമാനവും തമ്മിലുള്ള അനുപാതം, യാത്രാ സമയം, മലിനീകരണ തോത്, ആരോഗ്യപരിരക്ഷ, സുരക്ഷ തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് നമ്പിയോ സൂചിക തയ്യാറാക്കിയത്. സുരക്ഷ, ക്രയശേഷി, വായുനിലവാരം തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഒട്ടാവ മികച്ച സ്കോർ നേടിയതായി മേയർ മാർക്ക് സട്ട്ക്ലിഫ് അറിയിച്ചു. കാനഡയിലെ മാത്രമല്ല, വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും താമസയോഗ്യമായ നഗരമാണ് ഒട്ടാവയെന്ന് പുതിയ വിവരങ്ങൾ സ്ഥിരീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ മറ്റ് നഗരങ്ങളിൽ നാനൈമോ (ബി.സി) രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ 66-ാം സ്ഥാനത്തുമുണ്ട്. വിക്ടോറിയ 84, ക്യുബെക് സിറ്റി 86, വാൻകൂവർ 87 എന്നിങ്ങനെയാണ് മറ്റ് റാങ്കുകൾ. അതേസമയം മോൺട്രിയൽ 126-ാം സ്ഥാനത്തും ടൊറൻ്റോ 143-ാം സ്ഥാനത്തുമാണ്.
ഒട്ടാവയിലെ ഹരിതാഭമായ അന്തരീക്ഷവും പൊതുഗതാഗത സൗകര്യങ്ങളും മികച്ച ജീവിതസാഹചര്യം ഒരുക്കുന്നതായി സന്ദർശകരും താമസക്കാരും അഭിപ്രായപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സൂചികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളും നെതർലൻ്റിലെ നഗരങ്ങളാണ് സ്വന്തമാക്കിയത്. ദ ഹേഗ് ആണ് ലോകത്ത് ഒന്നാം സ്ഥാനത്തുള്ള നഗരം. ഉത്രെക്റ്റ്, ഐൻഡ്ഹോവൻ, ഗ്രോനിംഗൻ, റോട്ടർഡാം എന്നിവയാണ് തൊട്ടുപിന്നാലെയുള്ള മറ്റ് നഗരങ്ങൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Excellent travel convenience and safety; Ottawa is the ‘number one’ city in North America



