സസ്‌കാറ്റൂൺ: സസ്‌കാറ്റൂണിലെ വീഡിയോ ഗെയിം പ്രേമികൾക്കായി ഒരു അത്ഭുത ലോകം ചക്രങ്ങളിൽ ഒരുങ്ങിയിരിക്കുന്നു. നഗരത്തിലെ ആദ്യത്തെ മൊബൈൽ ഗെയിമിംഗ് ബസായ ‘ഗെയിമിംഗ് ക്രൂയിസർ’ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. കേവലം ഒരു വാഹനമെന്നതിലുപരി, ഒരേസമയം 15 പേർക്ക് വരെ ഇരുന്ന് കളിക്കാവുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ഹൈടെക് പാർട്ടി സെന്ററാണിത്. സസ്‌കാറ്റൂണിലെ പ്രശസ്തമായ ‘പ്ലേ ടൂൺ’ ഇൻഡോർ പ്ലേഗ്രൗണ്ടിന്റെ ഉടമകളായ ചാരീസ് ബോറിൻസ്, റൊണാൾഡ് ബോറിൻസ് എന്നീ ദമ്പതികളുടെ കഠിനാധ്വാനമാണ് ഈ സംരംഭത്തിന് പിന്നിൽ.
കഴിഞ്ഞ ജൂണിൽ ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് വഴി വാങ്ങിയ ഒരു പഴയ സ്‌കൂൾ ബസ് ആറുമാസം നീണ്ട പരിശ്രമത്തിലൂടെയാണ് ഇവർ ഗെയിമിംഗ് ബസാക്കി മാറ്റിയത്. ബസിന്റെ പുറത്തെ ഗ്രാഫിക്സ് വർക്കുകൾ ഒരു കലാകാരനെക്കൊണ്ട് ചെയ്യിപ്പിച്ചതൊഴിച്ചാൽ, ഇന്റീരിയർ ജോലികളും സീറ്റുകളുടെ നിർമ്മാണവുമെല്ലാം റൊണാൾഡ് തനിയെയാണ് പൂർത്തിയാക്കിയത്. സസ്‌കാറ്റൂണിലെ കടുത്ത ശൈത്യകാലത്തെ അതിജീവിക്കാൻ പാകത്തിൽ ബസിനുള്ളിലെ താപനില ക്രമീകരിക്കുന്ന സംവിധാനം ഒരുക്കുന്നതായിരുന്നു നിർമ്മാണവേളയിലെ ഏറ്റവും വലിയ വെല്ലുവിളി. കൂടാതെ, ഇത്തരമൊരു വാഹനം നഗരത്തിൽ ആദ്യമായതിനാൽ അതിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും ഏറെ കാലതാമസം നേരിട്ടു.
നവംബർ അവസാനത്തോടെ പ്രവർത്തനം തുടങ്ങിയ ഗെയിമിംഗ് ക്രൂയിസറിന് വലിയ സ്വീകരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ജന്മദിന ആഘോഷങ്ങൾക്കും കുടുംബ സംഗമങ്ങൾക്കും ഈ ബസ് ഇപ്പോൾ ഒരു പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒന്നിച്ച് വന്നിരുന്ന് ഗെയിമുകൾ കളിക്കാനും സമയം ചെലവഴിക്കാനും കഴിയുന്ന ഈ വേറിട്ട പരീക്ഷണം വൻ വിജയമാണെന്ന് ഉടമകൾ പറയുന്നു. മികച്ച പ്രതികരണം തുടരുകയാണെങ്കിൽ ഭാവിയിൽ കൂടുതൽ ഗെയിമിംഗ് ബസുകളും ട്രെയിലറുകളും നിരത്തിലിറക്കി തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനാണ് ബോറിൻസ് ദമ്പതികളുടെ ലക്ഷ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Saskatoon’s first gaming bus rolls into the city



