റിയാദ്: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ശനിയാഴ്ച വൈകുന്നേരമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരണപ്പെട്ടത്. ജിദ്ദ – മദീന റോഡിലെ വാദി ഫറഹ എന്ന സ്ഥലത്തുവെച്ച് ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മക്കയിൽ സകുടുംബം എത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു ഈ കുടുംബം. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്തുവരുന്ന അബ്ദുൽ ജലീലിന്റെ അടുത്തേക്ക് സന്ദർശന വിസയിലാണ് ഭാര്യയും മക്കളും എത്തിയത്. മാതാവ് മൈമൂനത്ത് ഉംറ വിസയിലായിരുന്നു എത്തിയത്. മക്കയിലെ പുണ്യകർമ്മങ്ങൾ പൂർത്തിയാക്കി പ്രവാചക നഗരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന ജലീലിന്റെ മറ്റു മൂന്ന് മക്കൾ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. 15 വയസ്സുകാരിയായ ആയിഷ മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലും, ഏഴും ഒൻപതും വയസ്സുള്ള നൂറ, ഹാദിയ എന്നിവർ മദീന സൗദി ജർമൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുമാണ് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാർ നിരീക്ഷണം നടത്തിവരികയാണ്.
അപകടത്തെത്തുടർന്നുള്ള തുടർനടപടികൾക്കായി മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ സജീവമായി രംഗത്തുണ്ട്. മൃതദേഹങ്ങൾ മദീനയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കം സൗദിയിൽ തന്നെ നടക്കുമെന്നാണ് ലഭ്യമായ വിവരം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Vehicle accident in Medina: Four members of a Malayali family die tragically; three children injured



