വെറും രണ്ട് സെക്കൻഡിനുള്ളിൽ 700 കിമീ/മണിക്കൂർ വേഗത കൈവരിച്ച് ചൈനയുടെ മാഗ്‌ലേവ് ട്രെയിൻ ലോകറെക്കോഡ് കുറിച്ചു. കൺചിമ്മുന്ന വേഗത്തിൽ കണ്മുന്നിൽ നിന്നും അപ്രത്യക്ഷമാകുന്ന ഈ ട്രെയിൻ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ചൈനയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ ഗവേഷകരാണ് ഈ പരീക്ഷണം നടത്തിയത്. ഏകദേശം 1,000 കിലോഗ്രാം (ഒരു ടൺ) ഭാരമുള്ള വാഹനമാണ് ഇത്രയും വലിയ വേഗത കൈവരിച്ചത്. 400 മീറ്റർ നീളമുള്ള പ്രത്യേക ട്രാക്കിലായിരുന്നു പരീക്ഷണം. ഇത്രയും വേഗം കൈവരിച്ച ട്രെയിൻ സുരക്ഷിതമായി നിർത്താനും സാധിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ‘സൂപ്പർകണ്ടക്റ്റിംഗ് ഇലക്ട്രിക് മാഗ്‌ലേവ്’ ട്രെയിനായി ഇത് മാറി.
ട്രെയിൻ കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങൾ എക്‌സിൽ വൈറലാണ്. ഒരു മിന്നൽ പാഞ്ഞ് പോകുന്നത് പോലെയാണ് ഈ വീഡിയോയിൽ ട്രെയിൻ കാണാൻ കഴിയുക. സൂപ്പർ കണ്ടക്ടിങ് മാഗ്നറ്റുകളുടെ സഹായത്തോടെയാണ് ട്രെയിൻ ട്രാക്കിന് മുകളിലൂടെ ചീറിപ്പായുന്നത്. യഥാർത്ഥത്തിൽ റെയിൽവേ ട്രാക്കിനെ സ്പർശിക്കാതെയാണ് ഇത് മുന്നോട്ട് കുതിക്കുന്നത്.
ഈ ഗവേഷണ സംഘം പത്ത് വർഷമായി ഈ പ്രോജക്റ്റിൽ പ്രവർത്തിക്കുകയാണ്. ഈ വർഷം ജനുവരിയിൽ ഇവർ ഇതേ ട്രാക്കിൽ ട്രെയിൻ പരീക്ഷിക്കുകയും 648 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്തിരുന്നു. ഏകദേശം മുപ്പത് വർഷം മുൻപ് ഇതേ സർവ്വകലാശാലയാണ് ചൈനയുടെ മനുഷ്യരെ കൊണ്ടുപോകുന്ന ആദ്യത്തെ മാഗ്‌ലവ് ട്രെയിൻ വികസിപ്പിച്ചത്. അന്ന് ചൈന ഈ സാങ്കേതികവിദ്യയിൽ ലോകത്ത് മൂന്നാമത്തെ രാജ്യമായി.
ഈ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ, ദൂരെയുള്ള നഗരങ്ങളെ വെറും മിനിറ്റുകൾക്കുള്ളിൽ ബന്ധിപ്പിക്കാൻ മാഗ്‌ലേവ് ട്രെയിനുകൾക്ക് കഴിയും. അതിവേഗ സൂപ്പർകണ്ടക്ടിങ് ഇലക്ട്രിക് മാഗ്‌ലേവ് സംവിധാനത്തിന്റെ വിജയം ചൈനയുടെ അതിവേഗ യാത്രാഗതാഗത ഗവേഷണങ്ങളെ കൂടുതൽ വേഗത്തിലാക്കും എന്ന് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ പ്രൊഫസർ ലി ജി പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
China sets world record with high-speed maglev train



