തിരുവനന്തപുരം: പുതുതായി പുറത്തിറക്കുന്ന ബ്രാൻഡിക്കുള്ള പേരിനും ലോഗോയ്ക്കും നിർദേശങ്ങൾ തേടി കേരള സ്റ്റേറ്റ് ബവ്റിജസ് കോർപറേഷൻ (ബവ്കോ). പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ ഉൽപാദിപ്പിക്കാനൊരുങ്ങുന്ന മദ്യത്തിനാണ് പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പേരിനും ലോഗോയ്ക്കും 10,000 രൂപ പാരിതോഷികം നൽകുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ ബ്രാൻഡിന്റെ ഉദ്ഘാടന ചടങ്ങിലാകും സമ്മാനത്തുക കൈമാറുക. താല്പര്യമുള്ളവർക്ക് malabardistilleries@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് നിർദേശങ്ങൾ അയക്കാവുന്നതാണ്. ജനുവരി ഏഴാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.
നിലവിൽ തിരുവല്ലയിലെ പ്ലാന്റിൽ നിർമിക്കുന്ന ‘ജവാൻ’ റം ആണ് ബവ്കോ സ്വന്തം നിലയിൽ വിപണിയിലെത്തിക്കുന്ന മദ്യം. ഇതിന് ലഭിച്ച വൻ ജനപ്രീതി കണക്കിലെടുത്താണ് ബ്രാൻഡി നിർമാണത്തിലേക്കും കോർപറേഷൻ കടക്കുന്നത്. ബവ്കോ നേരിട്ട് വിപണിയിലെത്തിക്കുന്ന ആദ്യത്തെ ബ്രാൻഡി ആയിരിക്കും ഇത്.
പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസിൽ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഫെബ്രുവരിയോടെ പ്ലാന്റ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് മാർച്ചിൽ ഉൽപാദനം ആരംഭിച്ച് പുതിയ ബ്രാൻഡി വിപണിയിലെത്തിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ഗുണമേന്മയുള്ള മദ്യം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബവ്കോ സ്വന്തം ബ്രാൻഡുകൾ വ്യാപിപ്പിക്കുന്നത്. ജവാൻ റമ്മിന് വിപണിയിലുള്ള ഡിമാൻഡ് പുതിയ ബ്രാൻഡിക്കും ലഭിക്കുമെന്നാണ് കോർപറേഷന്റെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New brandy coming: Bavco invites suggestions for name and logo, deadline is January 7th



