സാസ്‌കാറ്റൂൺ: തണുപ്പ്കാലം ആസ്വദിക്കാൻ കാത്തിരിക്കുന്ന സാസ്‌കാറ്റൂൺ നിവാസികൾക്ക് സന്തോഷവാർത്ത. നഗരത്തിലെ ഐസ് സ്കേറ്റിംഗ് റിങ്കുകളും സ്കീയിംഗ് പാതകളും പൊതുജനങ്ങൾക്കായി തുറന്നു. കടുത്ത തണുപ്പിനെ വിനോദമാക്കി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായി മഞ്ഞിലിറങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നഗരസഭ അറിയിച്ചു.
ഐസ് സ്കേറ്റിംഗിന് സുരക്ഷ ഉറപ്പാക്കി അഗ്നിശമന സേന നഗരത്തിലെ ജലസംഭരണികളിലെ ഐസിന്റെ കനം സാസ്‌കാറ്റൂൺ ഫയർ ഡിപ്പാർട്ട്‌മെന്റ് പരിശോധിച്ചു. വിനോദ ആവശ്യങ്ങൾക്കായി വേണ്ട എട്ട് ഇഞ്ച് കനം ഐ പാളികൾക്ക് ഉണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. എങ്കിലും, സ്കേറ്റിംഗിന് ഇറങ്ങുന്നതിന് മുൻപ് ഓരോ കുളത്തിന് സമീപവുമുള്ള അറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ബോർഡിൽ പച്ച നിറത്തിലുള്ള ‘Skating Permitted’ എന്ന അടയാളം ഉണ്ടെങ്കിൽ മാത്രമേ ഐസിന് മുകളിൽ കയറാവൂ. ഇത്തരം സ്ഥലങ്ങളിൽ മഞ്ഞ് മാറ്റുന്നതും ഐസ് പരിപാലിക്കുന്നതും ഉപയോക്താക്കളുടെ ഉത്തരവാദിത്തമായിരിക്കും.
ക്രോസ് കൺട്രി സ്കീയിംഗ് ഇഷ്ടപ്പെടുന്നവർക്കായി അപ്പർ ആൻഡ് ലോവർ മീവാസിൻ, ഡീഫെൻബേക്കർ, വിക്ടോറിയ, ഫോറസ്റ്റ് പാർക്കുകൾ എന്നിവിടങ്ങളിലെ സ്കീയിംഗ് പാതകൾ സജ്ജം. പ്രധാന പാതകൾക്ക് പുറമെ 14 നൈബർഹുഡ് പാർക്കുകളിലും ഉടൻ തന്നെ സ്കീയിംഗ് സൗകര്യം ഒരുക്കും. സാസ്‌കാറ്റൂൺ നോർഡിക് സ്കീ ക്ലബ്ബും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കീ പാതകൾ പരിപാലിക്കുന്നുണ്ട്.
സൈക്ലിംഗ് പ്രേമികൾക്കായി റിച്ചാർഡ് സെന്റ് ബാർബെ ബേക്കർ അഫോറസ്റ്റേഷൻ ഏരിയയുടെ പടിഞ്ഞാറ് ഭാഗത്ത് പുതിയ ‘വിന്റർ ഫാറ്റ് ബൈക്ക്’ നെറ്റ്വർക്ക് ഒരുക്കിയിട്ടുണ്ട്. ‘ഫാറ്റ്‌ലാൻഡർ ഫാറ്റ് ടയർ ബ്രിഗേഡ്’ എന്ന സന്നദ്ധ സംഘടനയാണ് ഈ പാതകൾ പരിപാലിക്കുന്നത്. വർഷം മുഴുവൻ ഉപയോഗിക്കാവുന്ന മൾട്ടി-യൂസ് പാതകളും ഇതിനോടൊപ്പം തുറന്നിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Saskatoon ski trails, skating ponds now good-to-go



