ന്യൂഡൽഹി: ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി നീതി ആയോഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഏറ്റവും പ്രിയപ്പെട്ട വിദേശ പഠന കേന്ദ്രമായി കാനഡ മാറിയിരിക്കുകയാണ്. 2024-ൽ മാത്രം ഏകദേശം 4.27 ലക്ഷം വിദ്യാർത്ഥികളാണ് കാനഡയിലെ വിവിധ സർവകലാശാലകളിൽ പ്രവേശനം നേടിയത്. 3.38 ലക്ഷം വിദ്യാർത്ഥികളുമായി അമേരിക്ക രണ്ടാം സ്ഥാനത്തും 1.85 ലക്ഷം പേരുമായി യുണൈറ്റഡ് കിംഗ്ഡം മൂന്നാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയയിൽ 1.22 ലക്ഷം പേരും ജർമ്മനിയിൽ 43,000 പേരും ഉപരിപഠനം നടത്തുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിദേശത്തേക്ക് അയക്കുന്ന രാജ്യമായി ഇന്ത്യ തുടരുകയാണ്. 2024-ലെ കണക്കുകൾ പ്രകാരം ആകെ 13.35 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിൽ പഠിക്കുന്നത്. ഇതിൽ കാനഡ, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നീ നാല് പ്രധാന രാജ്യങ്ങളിൽ മാത്രമായി 2023-24 വർഷത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ 2.9 ലക്ഷം കോടി രൂപ ചിലവഴിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലേക്ക് പഠനത്തിനായി എത്തുന്ന ഓരോ വിദേശ വിദ്യാർത്ഥിക്കും പകരമായി 28 ഇന്ത്യൻ വിദ്യാർത്ഥികൾ പഠനാവശ്യത്തിനായി രാജ്യം വിടുന്നു എന്നത് ഇന്ത്യ നേരിടുന്ന ഗൗരവകരമായ ‘ബ്രെയിൻ ഡ്രെയിൻ’ പ്രതിഭാസത്തെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വിദേശത്തേക്ക് വിദ്യാർത്ഥികളെ അയക്കുന്നതിൽ 35,614 പേരുമായി ആന്ധ്രപ്രദേശാണ് ഒന്നാമത് നിൽക്കുന്നത്. 33,412 വിദ്യാർത്ഥികളുമായി പഞ്ചാബും 29,079 പേരുമായി മഹാരാഷ്ട്രയും തൊട്ടുപിന്നാലെയുണ്ട്. റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) പ്രകാരം വിദേശ പഠനത്തിനായി അയക്കുന്ന പണത്തിന്റെ അളവ് കഴിഞ്ഞ പത്ത് വർഷത്തിനിടെ 975 കോടി രൂപയിൽ നിന്ന് 29,000 കോടി രൂപയായി കുതിച്ചുയർന്നതായും ‘ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ രാജ്യാന്തരവൽക്കരണം’ എന്ന തലക്കെട്ടിലുള്ള നീതി ആയോഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada emerges as top overseas study destination for Indian students



