ലണ്ടൻ: ഈ ശൈത്യകാലത്ത് വ്യാപിക്കുന്ന ഇൻഫ്ലുവൻസ (Flu) വൈറസ് തീവ്രമായ ‘സൂപ്പർ ഫ്ലൂ’ ആണെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വിദഗ്ധർ. സാധാരണ വർഷങ്ങളേക്കാൾ നേരത്തെ പടർന്നുപിടിച്ചു എന്നതൊഴിച്ചാൽ, നിലവിലെ വൈറസ് വകഭേദത്തിന് അസാധാരണമായ പ്രഹരശേഷിയില്ലെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെയും വേൾഡ് ഇൻഫ്ലുവൻസ സെന്ററിലെയും ഗവേഷകർ വ്യക്തമാക്കി.
കഴിഞ്ഞ നവംബർ ആദ്യവാരത്തോടെ തന്നെ യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സാധാരണയേക്കാൾ ഒരു മാസം മുൻപേ പടർന്നു തുടങ്ങിയതാണ് ആശങ്കയ്ക്ക് കാരണമായത്. ജൂൺ മാസത്തിൽ എച്ച്3എൻ2 (H3N2) വൈറസ് വകഭേദത്തിൽ വന്ന ഏഴ് പുതിയ ജനിതക മാറ്റങ്ങളാണ് ഈ വേഗത്തിലുള്ള വ്യാപനത്തിന് പിന്നിലെന്ന് ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. ‘സബ്ക്ലേഡ്-കെ’ (Subclade-K) എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദം നിലവിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്.
ഇൻഫ്ലുവൻസ കേസുകൾ മുൻവർഷത്തെ അപേക്ഷിച്ച് പത്തിരട്ടി വർദ്ധിച്ചതായും ഇതൊരു ‘സൂപ്പർ ഫ്ലൂ’ ആണെന്നും എൻ.എച്ച്.എസ് (NHS) ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ചില ഔദ്യോഗിക കേന്ദ്രങ്ങൾ വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇത് തെറ്റായ രീതിയിലുള്ള വിശകലനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻവർഷങ്ങളിൽ വളരെ വൈകി തുടങ്ങിയ ഇൻഫ്ലുവൻസ സീസണുമായി നിലവിലെ സാഹചര്യത്തെ താരതമ്യം ചെയ്തതാണ് കണക്കുകളിലെ ഈ വലിയ വ്യത്യാസത്തിന് കാരണം.
വൈറസിന്റെ വ്യാപന വേഗതയും രോഗലക്ഷണങ്ങളും മുൻവർഷങ്ങളിലേതിന് സമാനമാണെന്ന് പാൻഡെമിക് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ക്രിസ്റ്റോഫ് ഫ്രേസർ പറഞ്ഞു. വൈറസിന് ജനിതക മാറ്റം സംഭവിച്ചതിനാൽ നിലവിലുള്ള വാക്സിനുകൾ ഫലിക്കില്ലെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ലഭ്യമായ വാക്സിനുകൾ മികച്ച പ്രതിരോധം നൽകുന്നുണ്ടെന്നാണ് പ്രാഥമിക വിശകലനങ്ങൾ സൂചിപ്പിക്കുന്നത്.
രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മുതിർന്നവരിലും വൈറസ് ബാധ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ വാക്സിനേഷൻ തുടരണമെന്ന് യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ (UKHSA) ഡോ. ജാമി ലോപ്പസ് ബെർണൽ വ്യക്തമാക്കി. ‘സൂപ്പർ ഫ്ലൂ’ തുടങ്ങിയ പ്രയോഗങ്ങൾ ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ഇത്തരം അതിശയോക്തി കലർന്ന പദപ്രയോഗങ്ങൾ ഭാവിയിൽ യഥാർത്ഥത്തിലുള്ള വലിയ ആരോഗ്യപ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ജനങ്ങൾ മുന്നറിയിപ്പുകളെ ഗൗരവമായി എടുക്കാത്ത സാഹചര്യം (Cry wolf effect) സൃഷ്ടിക്കുമെന്ന് നോട്ടിംഗ്ഹാം സർവകലാശാലയിലെ പ്രൊഫസർ ജോനാഥൻ ബോൾ പറഞ്ഞു. ക്രിസ്മസ് അവധിക്കാലത്ത് ആളുകൾ ഒത്തുചേരുന്നത് രോഗവ്യാപനം കൂട്ടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Influenza outbreak has begun; London remains concerned, Health Department on high alert
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



