ന്യൂ ഡൽഹി: ജോലി കഴിഞ്ഞ് ഫോൺ-മസേജുകൾ സ്വീകരിക്കേണ്ട അവസ്ഥ അവസാനിക്കാൻ പോകുന്നു. ലോക്സഭയിൽ വെള്ളിയാഴ്ച അവതരിപ്പിച്ച ‘റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ’ ജീവനക്കാരുടെ തൊഴിൽ-വ്യക്തിജീവിത സന്തുലിതാവസ്ഥയ്ക്ക് നിർണായകമായേക്കും. ജോലി സമയം കഴിഞ്ഞാൽ ഔദ്യോഗിക ഫോൺ കോളുകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവ സ്വീകരിക്കേണ്ടതില്ലെന്ന അവകാശം ജീവനക്കാർക്ക് ഉറപ്പാക്കുന്നതാണ് ഈ പുതിയ നിയമ നിർമ്മാണ നിർദ്ദേശം. ഫ്രാൻസ്, ബെൽജിയം തുടങ്ങിയ വികസിത രാജ്യങ്ങളിലെ സമാന നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്.
ഡിജിറ്റൽ സാങ്കേതികവിദ്യകൾ തൊഴിൽ മേഖലയിൽ അതിരു കടക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകാനാണ് ബില്ലിലൂടെ ശ്രമിക്കുന്നത്.
ബിൽ വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്താൻ നിർദ്ദേശമുണ്ട്. നിയമം അനുസരിച്ച്, ലംഘനം നടത്തുന്ന കമ്പനികൾ ജീവനക്കാരുടെ മൊത്ത വേതനത്തിന്റെ ഒരു ശതമാനം വരെ പിഴ നൽകേണ്ടിവരും. ഓരോ ജീവനക്കാരനും ഔദ്യോഗിക ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിലൂടെ, ജോലിഭാരം വ്യക്തിജീവിതത്തെ ബാധിക്കുന്നത് തടയാനും ബിൽ ലക്ഷ്യമിടുന്നു. എൻ.സി.പി. എം.പി. സുപ്രിയ സുലെയാണ് ജീവനക്കാരുടെ മാനസികാരോഗ്യവും മെച്ചപ്പെട്ട ജീവിത നിലവാരവും മുൻനിർത്തി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
ആധുനിക തൊഴിൽ സംസ്കാരത്തിൽ ഡിജിറ്റൽ ആശയവിനിമയം സൃഷ്ടിക്കുന്ന ക്ഷീണം കുറയ്ക്കാൻ ബിൽ സഹായിക്കുമെന്ന് സുപ്രിയ സുലെ വ്യക്തമാക്കി. “ജോലിയുമായി ബന്ധപ്പെട്ട ഫോൺ കോളുകളും സന്ദേശങ്ങളും വ്യക്തി-തൊഴിൽ ബന്ധങ്ങൾ മങ്ങാൻ ഇടയാക്കുന്നു. ഈ ബിൽ ആധുനിക തൊഴിൽശൈലിയിലെ ക്ഷീണം കുറയ്ക്കുകയും, ജീവനക്കാരുടെ മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുകയും ചെയ്യും,” സുലെ പറഞ്ഞു. ബിൽ നിയമമാവുകയാണെങ്കിൽ രാജ്യത്തെ തൊഴിൽ മേഖലയിൽ ഇത് ഒരു നിർണായക മാറ്റത്തിന് വഴി തുറക്കുമെന്നും സുലെ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'Decline' to boss's call after working hours! Employees' 'Right to Disconnect' Bill in Lok Sabha






