ഒട്ടാവ: നഗരത്തിലെ 18 വയസ്സിന് താഴെയുള്ളവർക്ക് പ്രവൃത്തിദിന വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യ യാത്രാനുമതി നൽകുന്ന വിഷയം ഒട്ടാവ സിറ്റി കൗൺസിൽ പരിഗണനയിൽ. ഇതോടൊപ്പം, തിരക്കേറിയ സമയങ്ങളിൽ OC ട്രാൻസ്പോയുടെ നിലവിലുള്ള 90 മിനിറ്റ് ട്രാൻസ്ഫർ സമയം താൽക്കാലികമായി 105 മിനിറ്റായി വർദ്ധിപ്പിക്കാനുള്ള സാധ്യതയും അധികൃതർ പരിശോധിക്കും.
റിവർസൈഡ് സൗത്ത്-ഫിൻഡ്ലേ ക്രീക്ക് വാർഡ് കൗൺസിലർ സ്റ്റീവ് ഡെസ്റോച്ചസ് അവതരിപ്പിച്ച പ്രമേയമാണ് ട്രാൻസിറ്റ് കമ്മിറ്റി യോഗം അംഗീകരിച്ചത്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യ നിരക്ക് ഏർപ്പെടുത്തുന്നതിന് പ്രതിവർഷം 2,40,000 ഡോളർ ചെലവ് വരുമെന്നാണ് പ്രാഥമിക കണക്ക്. കൂടാതെ, വൈകുന്നേരം 5 മണിക്ക് ശേഷം ഈ പ്രായപരിധിയിലുള്ളവർക്ക് സൗജന്യ യാത്ര നൽകാനുള്ള സാധ്യതയും അധികൃതർ വിലയിരുത്തും, ഇതിന് ഏകദേശം 1,90,000 ഡോളർ വാർഷിക ചെലവ് പ്രതീക്ഷിക്കുന്നു. 65 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് Para Transpo-യിൽ പ്രതിമാസം നാല് സൗജന്യ യാത്രകൾ നൽകാനുള്ള നിർദ്ദേശവും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ പല യാത്രക്കാർക്കും 90 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഒരു യാത്രയ്ക്ക് തന്നെ രണ്ടാമതും പണം നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രാൻസ്ഫർ സമയം വർദ്ധിപ്പിക്കുന്നത്. ഈ താൽക്കാലിക നടപടി LRT സ്റ്റേജ് 2 ന്റെ പടിഞ്ഞാറൻ ഭാഗത്തേക്കുള്ള വിപുലീകരണം (Algonquin, Moodie സ്റ്റേഷനുകൾ വരെ) 2027-ൽ പൂർത്തിയാകുമ്പോൾ പിൻവലിക്കും. ഈ പദ്ധതികൾക്കെല്ലാം കൂടി പ്രതിവർഷം ഏകദേശം 7,12,000 ഡോളറാണ് OC ട്രാൻസ്പോയുടെ വകുപ്പുതല ബജറ്റിൽ നിന്ന് കണ്ടെത്താൻ ലക്ഷ്യമിടുന്നത്. ഈ നിർദ്ദേശങ്ങളിൽ അന്തിമ വോട്ടെടുപ്പിനായി പ്രമേയം ഡിസംബർ 10-ന് കൗൺസിലിന് മുന്നിൽ എത്തും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Major changes possible in Ottawa transit: Free rides for children and senior citizens; Transfer times may be increased!



