ഒട്ടാവ: പണപ്പെരുപ്പവും ഉയർന്ന വിലയും കാരണം കാനഡയിലെ ഉപഭോക്താക്കൾ ഈ അവധിക്കാലത്ത് ചെലവ് ചുരുക്കാൻ തീരുമാനിച്ചതോടെ, രാജ്യത്തെ റീട്ടെയിൽ മേഖല കടുത്ത സമ്മർദ്ദത്തിൽ. ഉപഭോക്താക്കളെ ആകർഷിക്കാനായി, ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ നേരത്തെ തുടങ്ങാനും വലിയ വിലക്കിഴിവുകൾ നൽകാനും വ്യാപാരികൾ നിർബന്ധിതരായിരിക്കുകയാണ്. നേരത്തെ ഒരു ദിവസം മാത്രമായിരുന്ന ‘ബ്ലാക്ക് ഫ്രൈഡേ’ ഇപ്പോൾ നീണ്ട വിൽപ്പനക്കാലമായി മാറിയെന്ന് റീട്ടെയിൽ കൗൺസിൽ ഓഫ് കാനഡ (RCC) അറിയിച്ചു.
കനേഡിയൻ ഉപഭോക്താക്കളെ സംബന്ധിച്ച് ഇപ്പോൾ ഏറ്റവും പ്രധാനം വിലയാണ്. വിൽപ്പനയ്ക്കായി കാത്തിരുന്ന്, വിലക്കിഴിവുകൾ ലഭിക്കുമ്പോൾ മാത്രം സാധനങ്ങൾ വാങ്ങാനാണ് ആളുകൾ ശ്രമിക്കുന്നത്. സാധനങ്ങളുടെ വിലവർദ്ധനവും മറ്റ് സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറഞ്ഞതായി ബാങ്ക് ഓഫ് കാനഡയുടെ സമീപകാല സർവേകൾ സൂചിപ്പിക്കുന്നു. വലിയ റീട്ടെയിലർമാർ നവംബർ ആദ്യവാരം തന്നെ വിൽപ്പനകൾ ആരംഭിച്ചു കഴിഞ്ഞു. തങ്ങളുടെ ഏറ്റവും മികച്ച ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാനാണ് അവർ ശ്രമിക്കുന്നത്. അതേസമയം, ചെറുകിട വ്യാപാരികൾ പോലും വലിയ കമ്പനികളോട് മത്സരിക്കുന്നതിനായി ആദ്യമായി ബ്ലാക്ക് ഫ്രൈഡേ വിൽപ്പനകൾ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പ്രതീക്ഷ നിലനിർത്താനും, കടയിലേക്ക് ആളുകളെ എത്തിക്കാനുമാണ് തങ്ങൾ ഇത് ചെയ്യുന്നതെന്ന് വിൻഡ്‌സറിലെ ഒരു കടയുടമ പറയുന്നു.
കനേഡിയൻ നിർമ്മിത ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന ആഹ്വാനം ഉപഭോക്താക്കൾ ഇപ്പോൾ കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് RCC പറയുന്നത്. വില കുറഞ്ഞ ഉൽപ്പന്നങ്ങൾക്കാണ് ഉപഭോക്താക്കൾ ഇപ്പോഴും മുൻഗണന നൽകുന്നത്. കാനഡയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്കായി 10 ശതമാനത്തിൽ കൂടുതൽ അധികവില നൽകാൻ തയ്യാറല്ലെന്ന് പല ഉപഭോക്താക്കളും അറിയിച്ചതായി ബാങ്ക് ഓഫ് കാനഡയുടെ ഒരു സർവേ വ്യക്തമാക്കുന്നു. എങ്കിലും, തങ്ങളുടെ ബഡ്ജറ്റിന്റെ ഒരു ചെറിയ ഭാഗമെങ്കിലും പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങാനായി നീക്കിവെക്കണമെന്ന് ചെറുകിട വ്യാപാരികൾ അഭ്യർത്ഥിക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Check the price before buying: Canadians look for discounts on Black Friday



