കാൽഗറി: നഗരത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണം നൽകി സഹായിക്കുന്ന കാൽഗറി ഫുഡ് ബാങ്കിന് ആശ്വാസമായി ‘സ്റ്റഫ് എ ബസ്’. കാൽഗറി കോ-ഓപ്പ് സ്റ്റോറുകളിലും ട്രാൻസിറ്റ് ബസുകളിലുമായി നടന്ന ഈ സംഭാവന പരിപാടി 33-ാമത് വാർഷിക ക്യാമ്പയിൻ ആയിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ വലിയ രീതിയിലുള്ള സഹായം ഇത്തവണയും ലഭിച്ചു എന്നാണ് സംഘാടകർ അറിയിക്കുന്നത്.
കഴിഞ്ഞ വർഷം ഈ പരിപാടിയിലൂടെ 72,000 കിലോയിലധികം ഭക്ഷണ സാധനങ്ങളും 80,000 ഡോളറും ഫുഡ് ബാങ്കിന് ലഭിച്ചിരുന്നു. ഇത്തവണയും ഒരുപാട് ആളുകൾ സഹായവുമായി എത്തി. നഗരവാസികൾ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി നൽകിയും, പണം സംഭാവന ചെയ്തും ബസുകളിൽ സാധനങ്ങൾ നിറയ്ക്കുന്നതിൽ വലിയ താൽപര്യം കാണിച്ചു. “ഇത്രയധികം ആളുകൾ കടകളിൽ വന്ന് ലിസ്റ്റിലുള്ള സാധനങ്ങൾ വാങ്ങിയും പണം നൽകിയും ബസുകളിൽ സംഭാവനകൾ എത്തിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.”കാൽഗറി കോ-ഓപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായ സെയ്ജ് പുള്ളൻ മക്കിന്റോഷ് പറഞ്ഞു.
കാൽഗറി മേയർ ജെറോമി ഫാർക്കസും ഫുഡ് ബാങ്ക് പ്രസിഡന്റ് മെലിസ ഫ്രോമും സംഭാവന നൽകാനായി ഓക്ക്റിഡ്ജ് കോ-ഓപ്പ് സ്റ്റോറിൽ എത്തിയിരുന്നു. ദാരിദ്ര്യം, ഭക്ഷണക്കുറവ്, താമസസ്ഥലം ഇല്ലാത്ത അവസ്ഥ തുടങ്ങിയ നഗരത്തിലെ പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിലും ജനങ്ങൾക്കിടയിലും കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്ന് മേയർ അഭിപ്രായപ്പെട്ടു.
ഫുഡ് ബാങ്കിന്റെ കണക്കുകൾ ആശങ്കയുണ്ടാക്കുന്നതാണ്. 2024 സെപ്റ്റംബർ 1 മുതൽ 2025 ഓഗസ്റ്റ് 31 വരെയുള്ള ഒരു വർഷത്തിനിടെ 1,35,526 ആളുകളാണ് സഹായത്തിനായി ഫുഡ് ബാങ്കിനെ സമീപിച്ചത്. ഇതിൽ 37 ശതമാനവും കുട്ടികളാണ്.
“കഴിഞ്ഞ രണ്ടര വർഷമായി ഞങ്ങൾ കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകുന്നു,” ഫുഡ് ബാങ്ക് പ്രസിഡന്റ് മെലിസ ഫ്രോം പറയുന്നു. ഈ പ്രതിസന്ധി ഉടൻ അവസാനിക്കുമെന്ന് തോന്നുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സാമ്പത്തിക പ്രവചനങ്ങൾ അനുസരിച്ച്, 2026-ലും പണപ്പെരുപ്പം തുടരാൻ സാധ്യതയുണ്ട്.
ഓരോ ദിവസവും നഗരത്തിലെ 800-ഓളം കുടുംബങ്ങളാണ് ഭക്ഷണത്തിനായി ഫുഡ് ബാങ്കിനെ സമീപിക്കുന്നത്. ഫുഡ് ബാങ്ക് അതിന്റെ പരമാവധി ശേഷിയിലാണ് പ്രവർത്തിക്കുന്നത്. പണമായോ സാധനങ്ങളായോ സംഭാവന നൽകാൻ കഴിയാത്തവർക്ക് അവരുടെ സമയം നൽകി സഹായിക്കാം. എല്ലാ ദിവസവും 300-ഓളം കാൽഗറി നിവാസികൾ ഫുഡ് ബാങ്കിൽ സന്നദ്ധപ്രവർത്തനത്തിനായി എത്തുന്നുണ്ടെന്ന് മെലിസ ഫ്രോം അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Calgary shows hope in crisis; Record support for 'Stuff a Bus' campaign



