ടൊറന്റോ: ഒന്റാറിയോയിൽ ജീവിക്കാനുള്ള അടിസ്ഥാനച്ചെലവ് (Living Wage) കുത്തനെ വർധിച്ചു. പുതിയ കണക്കുകൾ പ്രകാരം, പ്രവിശ്യയിലെ ഒരു തൊഴിലാളിക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി സമൂഹത്തിൽ സാധാരണ ജീവിതം നയിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളം മണിക്കൂറിന് $27.20 ആണ്. ഭക്ഷണം, വാടക, ഗതാഗതം, ശിശുപരിപാലനം തുടങ്ങിയ ചെലവുകൾ വർധിച്ചതാണ് ലിവിങ് വേതനം വർധിക്കാൻ കാരണം.
ഗ്രേറ്റർ ടൊറന്റോ ഏരിയയിലാണ് (GTA) ലിവിങ് വേതനം ഏറ്റവും കൂടുതൽ. ഒരു മണിക്കൂറിന് $27.20 ആണ് GTA യിലെ പുതിയ നിരക്ക്. (ഇത് 2024-ലെ $26.00-ൽ നിന്ന് 4.6% കൂടുതലാണ്).ഒന്റാറിയോയിലെ 10 പ്രധാന സാമ്പത്തിക മേഖലകളിലായി ലിവിങ് വേതനത്തിൽ ശരാശരി 5.3% വർദ്ധനവ് രേഖപ്പെടുത്തി. ലണ്ടൻ എൽജിൻ ഓക്സ്ഫോർഡ് മേഖലയിലാണ് ഏറ്റവും വലിയ വാർഷിക വർധനവ് രേഖപ്പെടുത്തിയത് (11.5%). 2025 ഒക്ടോബർ 1 മുതൽ ഒന്റാറിയോയിലെ മിനിമം വേതനം മണിക്കൂറിന് $17.60 ആയി ഉയർത്തിയിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഒരിടത്തും ഈ മിനിമം വേതനം കൊണ്ട് അടിസ്ഥാന ചിലവുകൾ പോലും നിറവേറ്റാൻ കഴിയില്ലെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
മിനിമം വേതനവും ലിവിങ് വേതനവും തമ്മിലുള്ള വ്യത്യാസം
ലിവിങ് വേതനം എന്നത് ഒരു നിയമപരമായ വേതനമല്ല, മറിച്ച്, പ്രാദേശികമായി ഒരു വ്യക്തിക്ക് അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ യഥാർത്ഥ ചെലവുകളെ അടിസ്ഥാനമാക്കി കണക്കാക്കുന്ന തുകയാണ്. GTA യിൽ, ലിവിങ് വേതനവും നിലവിലെ മിനിമം വേതനവും തമ്മിലുള്ള വ്യത്യാസം മണിക്കൂറിന് $9.60 ആണ്. ഒന്റാറിയോയിലെ ഏറ്റവും കുറഞ്ഞ ലിവിങ് വേതനം രേഖപ്പെടുത്തിയ നോർത്ത് മേഖലയിൽ പോലും ഈ വ്യത്യാസം $3.40 ആണ്. വാടക, ഭക്ഷണവില, ഗതാഗതച്ചെലവ് എന്നിവ കുത്തനെ ഉയർന്നതാണ് 2025-ൽ ലിവിങ് വേതനം ഇത്രയും കൂടാൻ കാരണം. പുതിയ വാടക കണക്കുകൾ, വർധിച്ച ഭക്ഷ്യവില (3.5% മുതൽ 4% വരെ വർധനവ്) എന്നിവയെല്ലാം ഈ മാറ്റത്തിന് ആക്കം കൂട്ടി. നിലവിൽ ഒന്റാറിയോയിൽ 639 സ്ഥാപനങ്ങളാണ് നിയമപരമായ ബാധ്യതയില്ലാതെ, സ്വന്തം ഇഷ്ടപ്രകാരം ജീവനക്കാർക്ക് ഈ ലിവിങ് വേതനം നൽകാൻ തയ്യാറായിട്ടുള്ളത്.
Ontario Living Wage Rates By Region
| Region | Living Wage 2025 | Living Wage 2024 | Change |
|---|---|---|---|
| Greater Toronto Area | 27.20 | 26.00 | +4.6% |
| Ottawa | 24.30 | 22.80 | +6.6% |
| Dufferin Guelph Wellington Waterloo | 23.55 | 21.30 | +10.5% |
| Grey Bruce Perth Huron Simcoe | 24.10 | 23.05 | +4.5% |
| Hamilton | 22.60 | 21.30 | +6.1% |
| East | 22.80 | 21.65 | +5.3% |
| Brant Haldimand Norfolk Niagara | 22.40 | 20.90 | +7.2% |
| London Elgin Oxford | 21.75 | 19.50 | +11.5% |
| Southwest | 21.50 | 19.85 | +8.3% |
| North | 21.00 | 20.30 | +3.4% |
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New Ontario Living Wage Rates For All The Regions In 2025



