വാഷിങ്ടൺ: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ പ്രോഗ്രാമുകൾക്ക് ആവശ്യമായ നിർണായക സാമഗ്രികളും സാങ്കേതികവിദ്യയും വിതരണം ചെയ്തതിൻ്റെ പേരിൽ ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ ഉപരോധം ഏർപ്പെടുത്തി യുഎസ്. ഫാംലെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഉപരോധം നേരിടുന്ന ഇന്ത്യൻ കമ്പനി. യുഎസ് ട്രഷറി വകുപ്പിന്റെ പ്രസ്താവന പ്രകാരം, യുഎഇ ആസ്ഥാനമായുള്ള ഫാംലെയ്‌നിന്റെ ഡയറക്ടറായ മാർക്കോ ക്ലിംഗെയാണ് ഈ നെറ്റ്‌വർക്കിലെ പ്രധാന കണ്ണികളിലൊരാൾ. ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കാനുള്ള സമ്മർദ്ദ കാമ്പയിനിൻ്റെ ഭാഗമായാണ് ഈ നടപടികളെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി.
ഇറാന്റെ പ്രതിരോധ വ്യവസായ സംഘടനയുടെ (DIO) ഭാഗമായ പാർചിൻ കെമിക്കൽ ഇൻഡസ്ട്രീസിനു (PCI) വേണ്ടി മിസൈൽ ഇന്ധനത്തിനുള്ള (പ്രൊപ്പല്ലൻ്റ്) സാധങ്ങൾ വാങ്ങുന്നതിൽ ക്ലിംഗെയും തുർക്കി, ഇറാൻ എന്നിവിടങ്ങളിലെ മാജിദ് ഡോലത്ഖയും ഏകോപനം വഹിച്ചു. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള പങ്കാളിത്ത സംഭരണത്തിന് ക്ലിംഗെയാണ് നേതൃത്വം നൽകിയത്. യുഎസ് ഉപരോധ പട്ടികയിലുള്ള ചൈന ക്ലോറേറ്റ് ടെക് കമ്പനി ലിമിറ്റഡ് (CCT) ഉൾപ്പെടെയുള്ള വിതരണക്കാരുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചിരിന്നു. കൂട്ട നശീകരണ ആയുധങ്ങൾ പ്രചരിപ്പിക്കുന്നവരെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടീവ് ഓർഡർ 13382 പ്രകാരമാണ് ക്ലിംഗെയുടെ നിയന്ത്രണത്തിലുള്ള ഫാംലെയ്‌നിന് ഉപരോധം ഏർപ്പെടുത്തിയത്.
ഈ നീക്കത്തെ ന്യായീകരിച്ച് യുഎസ് ട്രഷറി ഫോർ ടെററിസം ആൻഡ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് അണ്ടർ സെക്രട്ടറി ജോൺ കെ ഹർലി സംസാരിച്ചു. “ഫണ്ട് വെളുപ്പിക്കാനും, ആണവ, പരമ്പരാഗത ആയുധ പദ്ധതികൾക്കുള്ള ഘടകങ്ങൾ ശേഖരിക്കാനും ഇറാൻ സാമ്പത്തിക സംവിധാനങ്ങളെ ചൂഷണം ചെയ്യുന്നു” എന്ന് അദ്ദേഹം ആരോപിച്ചു. ഇറാന്റെ വിഷയത്തിൽ ഇന്ത്യൻ കമ്പനികൾ ഉപരോധം നേരിടുന്നത് ഈ വർഷം ഇത് രണ്ടാം തവണയാണ്. ഇതിനു മുൻപ് ഒക്ടോബറിൽ, ഇറാനിയൻ എണ്ണ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിൽ ഏർപ്പെട്ടതിന് ഒമ്പത് ഇന്ത്യൻ കമ്പനികളെയും എട്ട് ഇന്ത്യൻ പൗരന്മാരെയും യുഎസ് ലക്ഷ്യമിട്ടിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US sanctions Indian company for involvement in Iran missile program



