ഡൽഹി; ഡൽഹിയിൽ നടന്ന സ്ഫോടനത്തെ കേന്ദ്ര മന്ത്രിസഭ ശക്തമായി അപലപിച്ചു. ഇത് ഭീകരാക്രമണം തന്നെയാണ് എന്ന് മന്ത്രിസഭ പ്രമേയത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു. ഈ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചത് രാജ്യവിരുദ്ധ ശക്തികളാണ് എന്നും, ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്തി കർശന നടപടിയെടുക്കാൻ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയതായും പ്രമേയത്തിൽ പറയുന്നു. ഭീകരതക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പ്രസ്താവിച്ചു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യ മന്ത്രിസഭാ സമിതി യോഗത്തിന് ശേഷമാണ് കേന്ദ്ര മന്ത്രിസഭ ഈ സുപ്രധാന നിലപാട് സ്വീകരിച്ചത്. ഈ സംഭവത്തെ ഒരു ഭീകരവാദ നീക്കമായി തന്നെയാണ് വിലയിരുത്തുന്നതെങ്കിലും, ഏതെങ്കിലും ഒരു പ്രത്യേക സംഘടനയെയോ രാജ്യത്തെയോ പേരെടുത്ത് കുറ്റപ്പെടുത്താൻ മന്ത്രിസഭ തയ്യാറായില്ല. ഇത് അന്വേഷണത്തിന്റെ പുരോഗതി കണക്കിലെടുത്താണ് എന്ന സൂചനയുമുണ്ട്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തുകയും, പരിക്കേറ്റവർ വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. കേസിന്റെ അന്വേഷണം പുരോഗമിക്കവേ, നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതിയായ ഉമർ മുഹമ്മദ് രണ്ട് കാറുകൾ വാങ്ങി എന്ന സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു വാഹനം കണ്ടെടുത്തു. ഡൽഹി രജിസ്‌ട്രേഷനിലുള്ള ഫോർഡ് ഇക്കോസ്‌പോർട്ട് കാർ ഫരീദാബാദിലെ ഒരു ഫാം ഹൗസിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
ഈ വാഹനം ഉമർ മുഹമ്മദിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വാഹനത്തിൽ സ്ഫോടക വസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി എൻഎസ്ജി (NSG) യുടെ ആന്റി ബോംബ് സ്ക്വാഡ് ഫാം ഹൗസിലെത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അൽഫല യൂണിവേഴ്സിറ്റിയും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. യൂണിവേഴ്സിറ്റി അധികൃതർ ഔദ്യോഗികമായി ബന്ധം നിഷേധിച്ചെങ്കിലും, അവിടെ ജോലി ചെയ്തിരുന്ന ചിലർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി വിവരമുണ്ട്.
എൻഐഎ (NIA) യുടെ സംഘം യൂണിവേഴ്സിറ്റിയിൽ എത്തി വിശദമായ ചോദ്യം ചെയ്യലുകൾ നടത്തി. 52 പേരെ ചോദ്യം ചെയ്യുകയും, ആറ് ജീവനക്കാരെ കൂടുതൽ വിവരങ്ങൾക്കായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം കാശ്മീർ സ്വദേശിയായ ഒരു ഡോക്ടറെ കാണാനില്ല എന്ന വിവരവും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.
ഈ ആക്രമണം ജയ്ഷ്-ഇ-മുഹമ്മദ് ഭീകര മൊഡ്യൂളുമായി ബന്ധപ്പെട്ടതാണെന്നാണ് പ്രാഥമിക സൂചനകൾ. ഡോ. ഷാഹീനയാണ് ഓപ്പറേഷന് വലിയ സാമ്പത്തിക സഹായം നൽകിയതെന്നാണ് പോലീസ് കരുതുന്നത്. സ്ഫോടക വസ്തുക്കൾ വാങ്ങാനും കാറുകൾക്ക് വേണ്ടിയും ഏകദേശം നാല് ലക്ഷം രൂപയോളം ഇവർ പല സ്ഥലങ്ങളിൽ നിന്നായി പിരിച്ച് ഫണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ, മുംബൈ സ്ഫോടനങ്ങളുടെ മാതൃകയിൽ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയെ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടതെന്നും അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.
delhi-terror-attack-cabinet-resolution-jaish-e-mohammad-investigation
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



